തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കിലോമീറ്റർ ബഫർസോൺ മന്ത്രിസഭാ യോഗം തീരുമാനിച്ചത് എന്തിനാണെന്നും ആദ്യ ഉത്തരവ് റദ്ദാക്കാതെ അവ്യക്തതയുള്ള ഉത്തരവ് എന്തിന് രണ്ടാമിതറക്കിയെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
ഉപഗ്രഹസർവേ റിപ്പോർട്ട് ഓഗസ്റ്റ് 29ന് സർക്കാരിന് ലഭിച്ചതാണ്. ഇത് അവ്യക്തതകൾ നിറഞ്ഞതാണെന്നും ഇത് സുപ്രീം കോടതിയിൽ പോയാൽ കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന്് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് മൂന്നരമാസക്കാലം ഈ റിപ്പോർട്ട് പൂഴ്ത്തിവച്ചത്. മൂന്നരമാസത്തിനുള്ളിൽ മാന്വൽ സർവേ നടത്തി സുപ്രീം കോടതിയിൽ സമർപ്പിക്കാമായിരുന്നു. അപൂർണമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് കേരളത്തിന് വിരുദ്ധമായ ഒരു തീരുമാനമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും സതീശൻ ചോദിച്ചു.
2016 മുതൽ സർക്കാരിന്റെ നിലപാട് ഇത് തന്നെയായിരുന്നു. ഈ തീരുമാനത്തിന് പിന്നിൽ ദുരൂഹതയുണ്ട്. ഒന്നുകിൽ സർക്കാർ ഉറങ്ങുന്നു. അല്ലെങ്കിൽ ദുരൂഹത കൊണ്ട് ഉറക്കം നടിക്കുന്നു. ഇത് കേരളത്തിന്റെ മുഴുവൻ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്.
ബഫർ സോണിന്റെ വിഷയത്തിൽ സുപ്രീം കോടതി നിലപാട് ആവർത്തിക്കുകയാണെങ്കിൽ പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. 2.5 ലക്ഷം സെക്ടർ ഭൂമിയെ ബാധിക്കും. ഒരു വീടോ കൃഷിയോ ചെയ്യാനാകാതെ ഇത് സാധാരണക്കാരന്റെ ജീവിതം ദുരന്തമാക്കുമെന്നും സതീശൻ പറഞ്ഞു.