കാഞ്ഞിരപ്പള്ളി: പ്രമുഖ വ്യവസായിയും പ്ലാന്‍ററും റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ മൈക്കിള്‍ എ. കള്ളിവയലില്‍ (97) അന്തരിച്ചു. കുട്ടിക്കാനത്തെ വസതിയില്‍ ശനിയാഴ്ച രാത്രി 11 നായിരുന്നു വിയോഗം.
കുരുവിനാക്കുന്നേല്‍ കുടുംബാംഗം മേരി (മറിയമ്മ) ആണ് ഭാര്യ. മക്കള്‍: റാണി ആലപ്പുഴ), വിമല (യുഎസ്), അന്ന ഗീത (യുഎസ്), ജോസഫ് (പ്ലാന്റര്‍) റോഷന്‍ (യുകെ.) മരുമക്കള്‍: ജോണ്‍ നെരോത്ത് (ആലപ്പുഴ), പര്‍വേശ് എസ്. മുഹമ്മദ് (യുഎസ്), വര്‍ഗീസ് കാപ്പില്‍ (യുഎസ്എ) പ്രീതി (കൊല്ലംകുളം കാഞ്ഞിരപ്പള്ളി), ഡോ.കെ.എ. ഏബ്രഹാം (കൊട്ടാരത്തില്‍, യുകെ). പരേതരായ പ്ലാന്റര്‍മാര്‍ ജോസ് കള്ളിവയലില്‍, ചാക്കോ കള്ളിവയലില്‍, ഏബ്രഹാം കള്ളിവയലില്‍ എന്നിവര്‍ മൂത്ത സഹോദരന്മാരാണ്. .
പ്ലാന്‍റര്‍ കള്ളിവയലില്‍ പാലാ വിളക്കുമാടം കൊണ്ടൂപറമ്പില്‍ പാപ്പന്‍റെയും (കെ.സി. ഏബ്രഹാം കള്ളിവയലില്‍) ഏലിയാമ്മയുടെയും ഏഴു മക്കളില്‍ നാലാമനാണു മൈക്കിള്‍ എ. കള്ളിവയലില്‍. മുംബൈ സെന്‍റ് സേവ്യേഴ്‌സ് കോളജില്‍നിന്നു ബിരുദം നേടിയശേഷം പിതാവിന്‍റെ പാതയില്‍ പ്ലാന്േ!റഷന്‍രംഗത്തു സജീവമായി.
പിതാവിന്‍റെ എസ്‌റ്റേറ്റുകളും മര്‍ഫി സായിപ്പില്‍നിന്നു വാങ്ങിയ എസ്‌റ്റേറ്റുകളുമെല്ലാം ചേര്‍ന്ന് കേരളത്തിലെ പ്രമുഖ പ്ലാന്േ!റഷനുകളുടെ ചുമതലയില്‍ സജീവമായിരുന്നു. റബര്‍, തേയില, കാപ്പി തുടങ്ങിയ കൃഷികളില്‍ വിജയകരമായ നൂതനരീതികള്‍ ആവിഷ്കരിക്കുകയും പ്രചാരം നല്‍കുകയും ചെയ്തു. പുല്ലുപാറ എസ്‌റ്റേറ്റില്‍ തേയില കൃഷിയിലും നേട്ടംകൊയ്തു..
മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, പൈക ലയണ്‍സ് ഐ ഹോസ്പിറ്റല്‍ എന്നിവയുടെ സ്ഥാപനത്തിനായി കൈയയച്ചു സഹായിച്ചു. ഹൈറേഞ്ചിലെ വിവിധ കത്തോലിക്ക ദേവാലയങ്ങളുടെയും സന്യാസസ്ഥാപനങ്ങളുടെയും സ്കൂളുകളുടെയും ആശുപത്രികളുടെയും അഗതിമന്ദിരങ്ങളുടെയും സ്ഥാപനത്തിലും ഉദാരമായ സഹായസഹകരണങ്ങള്‍ നല്‍കി.
ഏന്തയാറില്‍ വയോധികര്‍ക്കായി സ്‌നേഹഗിരി സന്യാസി സമൂഹം സ്ഥാപിച്ച ശാന്തിനിലയത്തിനും പെരുവന്താനം പഞ്ചായത്തിന്‍റെ ലൈഫ് ഭവന പദ്ധതിക്കും തെക്കേമല, മുറിഞ്ഞപുഴ, ഏന്തയാര്‍, കന്പംമെട്ട് ദേവാലയങ്ങള്‍ക്കും വിവിധ കോണ്‍വെന്‍റുകള്‍ക്കും സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സൗജന്യമായി ഭൂമിയും ഇതര സഹായങ്ങളും നല്‍കി.
പെരുവന്താനം പഞ്ചായത്തംഗം, പെരുവന്താനം സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, ബാങ്ക് എന്നിവയുടെ സ്ഥാപക പ്രസിഡന്‍റ്, കുട്ടിക്കാനം മരിയന്‍ കോളജ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പൊതുസേവനത്തില്‍ തത്പരനായിരുന്ന മൈക്കിള്‍ കള്ളിവയലില്‍ ഒരിക്കല്‍ ഇടുക്കിയില്‍നിന്നു പാര്‍ലമെന്‍റിലേക്കു മത്സരിച്ചു. റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കേരള കാത്തലിക് ട്രസ്റ്റ് പ്രസിഡന്‍റ്, രാഷ്ട്രദീപിക ഡയറക്ടര്‍, മുണ്ടക്കയം പ്ലാന്േ!റഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ്, മുണ്ടക്കയം ക്ലബ് പ്രസിഡന്‍റ്, കോട്ടയം ജില്ലാ അമച്വര്‍ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്‍റ്, പീരുമേട് വന്യജീവി സംരക്ഷണ സമിതി പ്രസിഡന്‍റ് തുടങ്ങി മൈക്കിള്‍ കള്ളിവയലില്‍ സാമൂഹിക പ്രതിബദ്ധതയോടെ നേതൃത്വം നല്‍കിയവ നിരവധിയാണ്.
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ നല്ലതണ്ണിയില്‍ കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രവര്‍ത്തിച്ചുവരുന്നു. രൂപത പാസ്റ്ററല്‍ കൗണ്‍സിലിലും വിവിധ സമിതികളിലും അംഗമായിരുന്നു.
മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിനു പാലാ മല്ലികശ്ശേരിയിലെ വസതിയിലെത്തിക്കും. സംസ്കാരം രണ്ടിനു പൈക വിളക്കുമാടം സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍.