കണ്ണൂര്‍: കണ്ണൂര്‍ രൂപത വികാരി ജനറാളും കണ്ണൂരിലെ സാമൂഹികസാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന മോണ്‍. ദേവസി ഈരത്തറ (84) അന്തരിച്ചു. ഹൃദയാഘാതംമൂലം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വരാപ്പുഴ അതിരൂപതയിലെ പിഴല സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ പരേതരായ ഈരത്തറ ദേവസി-വിറോണി ദന്പതികളുടെ മൂത്ത മകനാണ് മോണ്‍. ദേവസി ഈരത്തറ. പിഴല ഇടവകയിലെ ആദ്യത്തെ വൈദികന്‍. ഇ.ഡി. പീറ്റര്‍, ട്രീസ മാര്‍ട്ടിന്‍, ഇ.ഡി. ജോസഫ്, ഇ.ഡി. സേവ്യര്‍ (കടമക്കുടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്) എന്നിവര്‍ സഹോദരങ്ങളാണ്.
കോഴിക്കോട് രൂപതയ്ക്കുവേണ്ടി 1963ല്‍ പൗരോഹിത്യം സ്വീകരിച്ചു. കോഴിക്കോട് രൂപതയുടെ അന്നത്തെ മെത്രാനായ ഡോ. ആല്‍ഡോ മരിയ പത്രോണി എസ്‌ജെയുടെ സെക്രട്ടറിയായും തുടര്‍ന്ന് കാല്‍ നൂറ്റാണ്ടോളം വൈത്തിരി ചേലോട്ട് എസ്റ്റേറ്റ് മാനേജരായും സേവനമനുഷ്ഠിച്ചു.
കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂര്‍ രൂപത രൂപംകൊണ്ടപ്പോള്‍ രൂപതയുടെ ആദ്യത്തെ വികാരി ജനറാളും രൂപതയുടെ ആസ്ഥാന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വികാരിയുമായി. തയ്യില്‍ സെന്‍റ് ആന്‍റണീസ് ഇടവക വികാരിയായിരിക്കെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ക്കു രൂപം നല്‍കി. കുറച്ചുനാള്‍ ചെമ്പേരി എസ്റ്റേറ്റിലും സേവനം ചെയ്തു.
കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്കാരം നടത്തി.