സാന്‍ഫ്രാന്‍സിസ്ക്കോ: കോട്ടയം അതിരൂപതാംഗവും കല്ലറസെന്റ് മേരീസ് (പുത്തന്‍പള്ളി) ഇടവകാംഗവുമായ ഫാ. ജെയിംസ് കുടിലില്‍ (85) അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്ക്കോയില്‍ നിര്യാതനായി. 1936 ല്‍ കുടിലില്‍ ഔസേപ്പ് – ഏലി ദമ്പതികളുടെ നാലാമത്തെ പുത്രനായി ജനിച്ച ജെയിംസ് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ രൂപതയില്‍ വൈദികവിദ്യാര്‍ത്ഥിയായി ചേര്‍ന്നു.
രണ്ടുവര്‍ഷത്തെ പ്രാഥമിക പരിശീലനത്തിനുശേഷം റോമില്‍ എത്തിയ ജെയിംസ് വൈദിക പരിശീലനത്തിന്റെ തുടര്‍ പഠനം അവിടെയാണ് നടത്തിയത്. 1962 ഫെബ്രുവരി 17 ന് പ്രൊപ്പഗാന്തായുടെ പ്രീഫെറ്റായിരുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ അഗാദിയാനിയാമിന്റെ കൈവയ്പുവഴി വൈദികനായി അഭിഷിക്തനായി.
ഇറ്റലിയിലും ജര്‍മ്മനിയിലും ഏതാനും വര്‍ഷം ശുശ്രൂഷ ചെയ്ത ബഹു. ജെയിംസ് അച്ചനെ പ്രൊപ്പഗാന്താ തന്നെ ബ്രട്ടീഷ് ഉയനായില്‍ ശുശ്രൂഷയ്ക്കായി നിയോഗിച്ചു. പത്തുവര്‍ഷത്തെ ശുശ്രൂഷയ്ക്കു ശേഷം യു.എസില്‍ ഉപരിപഠനത്തിനായി എത്തിയ അച്ചന്‍ മനശാസ്ത്രത്തില്‍ ഉന്നതബിരുദം നേടി.
യു.എസ്. നേവിയില്‍ ചാപ്ലെയിനായി ദീര്‍ഘകാലം സേവനം ചെയ്ത അദ്ദേഹം ലഫ്റ്റനന്റ് കമാന്റര്‍ പദവിയില്‍ റിട്ടയര്‍ ചെയ്തു. തുടര്‍ന്ന് ഫ്രസ്നോ രൂപതയില്‍ ചേര്‍ന്ന് എട്ടുവര്‍ഷം ഇടവകകളില്‍ ശുശ്രൂഷ ചെയ്തു. വിശ്രമജീവിതകാലം താമ്പാ രൂപതയില്‍ ഭാഗികമായി ശുശ്രൂഷ ചെയ്യുകയും അതിനിടയില്‍ ഫ്ളോറിഡയിലെ ക്നാനായക്കാര്‍ക്ക് കഴിയുന്നത്ര ആത്മീയ ശുശ്രൂഷ ചെയ്യുകയും ചെയ്തു.
സംസ്കാരം പിന്നീട് കല്ലറ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.