ബെയ്ജിങ്: ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഏറ്റവും വേഗമേറിയ ഹാർഡ് ഡ്രൈവ് പുറത്തിറക്കി ചൈന . കേവലം 400 പിക്കോസെക്കൻഡുകൾക്കുള്ളിൽ ഡാറ്റ മായ്ക്കാനും മാറ്റിയെഴുതാനും ശേഷിയുള്ള ഈ ഫ്ലാഷ് മെമ്മറി സാങ്കേതികവിദ്യ, നിലവിലുള്ള ഹാർഡ് ഡ്രൈവുകളുടെ വേഗതയെക്കാൾ ആയിരക്കണക്കിന് മടങ്ങ് കൂടുതലാണ്. ഒരു പിക്കോസെക്കൻഡ് എന്നത് ഒരു സെക്കൻഡിന്റെ ഒരു ട്രില്യണിൽ ഒരംശമാണെന്ന് ഓർക്കുക.
ഫുഡാൻ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച ഈ അതിവേഗ ഫ്ലാഷ് മെമ്മറിക്ക് ‘പോക്സിയാവോ’ എന്നാണ് പേരിട്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പ്യൂട്ടിംഗ്, വലിയ ഡാറ്റാ ശേഖരണ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയിൽ ഇത് ഒരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഈ മുന്നേറ്റത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
നിലവിലുള്ള പരമ്പരാഗത ഫ്ലാഷ് മെമ്മറികളേക്കാൾ ഏകദേശം 100,000 മടങ്ങ് വേഗത്തിൽ ഡാറ്റ കൈകാര്യം ചെയ്യാൻ പോക്സിയാവോയ്ക്ക് സാധിക്കും എന്നതാണ് പ്രധാന പ്രത്യേകത. ഇത്രയധികം വേഗതയുണ്ടെങ്കിലും ഈ പുതിയ മെമ്മറി ചിപ് വളരെ ചെറുതാണ്. വലിയ അളവിലുള്ള ഡാറ്റാ അതിവേഗത്തിൽ പ്രോസസ്സ് ചെയ്യേണ്ടി വരുന്ന എഐ, മെഷീൻ ലേണിങ് തുടങ്ങിയ മേഖലകളിൽ ഈ കണ്ടുപിടുത്തം നിർണായകമാകും.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ഫയലുകൾ കൈകാര്യം ചെയ്യാനും ഡാറ്റാ ട്രാൻസ്ഫർ ചെയ്യാനും സാധിക്കും ഡാറ്റാ സെന്ററുകൾ, സൂപ്പർ കമ്പ്യൂട്ടറുകൾ എന്നിവിടങ്ങളിൽ പോക്സിയാവോയുടെ ഉപയോഗം കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഊർജ ഉപഭോഗം കുറയ്ക്കുകയും ചെയ്യും.
വരും വർഷങ്ങളിൽ ഈ സാങ്കേതികവിദ്യ കൂടുതൽ വികസിക്കുകയും വ്യാവസായികമായി ലഭ്യമാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പോക്സിയാവോയുടെ വരവോടെ ഡാറ്റാ പ്രോസസിങിന്റെയും സംഭരണത്തിന്റെയും വേഗത്തിൽ ഒരു പുതിയ വിപ്ലവം തന്നെ ആരംഭിക്കാൻ സാധ്യതയുണ്ട്.