ആഗോള തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ 2030ല്‍ ആധിപത്യം നേടാനാണ് ചൈന ശ്രമിക്കുന്നത്. ഇതിനായി 2019ല്‍ അമേരിക്കന്‍ കമ്പനികള്‍ നേടിയതിനേക്കാള്‍ പേറ്റന്റുകള്‍ രാജ്യം സ്വന്തമാക്കിക്കഴിഞ്ഞു. ഇതെല്ലാം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യഥാര്‍ഥ ലോകത്ത് എങ്ങനെ ഉപയോഗിക്കപ്പെടാന്‍ പോകുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ്. അതായത് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടുവന്ന സാഹചര്യങ്ങളിലേക്കായിരിക്കാം മാനവരാശി എത്തിക്കൊണ്ടിരിക്കുന്നത്.
ഒരാളുടെ, നേരത്തെ പകര്‍ത്തിയ ഫോട്ടോകളോ വിഡിയോകളോ ചിത്രങ്ങളോ എല്ലാം ആസ്പദമാക്കി അയാളെ തത്സമയം തിരിച്ചറിയാന്‍ ശ്രമിക്കുന്നതായിരിക്കും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ. ഒരോ മുഖത്തിനും ഏകദേശം 80 സവിശേഷ കേന്ദ്രബിന്ദുക്കളുണ്ട്. ഇവ കണ്ണുകള്‍, മൂക്ക്, കവിളുകള്‍, വായ്, താടി എന്നീ മേഖലകളിലായി പടര്‍ന്നുകിടക്കുന്നു. ഇവ ഉപയോഗിച്ച് ഒരാളെ മറ്റൊരാളില്‍ നിന്ന് തിരിച്ചറിയാന്‍ സാധിക്കും.
ഒരു വിഡിയോ ക്യാമറ ഉപയോഗിച്ച് ഒരാളുടെ മുഖത്തിന്റെ സവിശേഷതകള്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഈ 80 ബിന്ദുക്കള്‍ തമ്മിലുള്ള അകലം അളക്കാനാകും. കൂടാതെ മൂക്ക് എത്ര വിടര്‍ന്നു നില്‍ക്കുന്നു, കണ്ണുകള്‍ എത്ര കുഴിഞ്ഞിരിക്കുന്നു, കണ്ണുകള്‍ തമ്മിലുള്ള അകലമെത്ര, താടിയുടെ രൂപമെങ്ങനെ തുടങ്ങിയ കാര്യങ്ങളും മതിയാകും ഒരാളെ തിരിച്ചറിയാന്‍. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ ഒരു സംഖ്യാകോഡായി പരിവര്‍ത്തനം ചെയ്യാനാകും. ഇത് നേരത്തെ എടുത്തുവച്ചിരിക്കുന്ന ചിത്രവുമായി തട്ടിച്ചുനോക്കുകയാണ് ചെയ്യുന്നത്.
ചൈന തങ്ങളുടെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം ദശലക്ഷക്കണക്കിനു സിസിടിവി ക്യാമറകളുമായാണ് ചൈന ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ബിംബങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി വിശകലനം ചെയ്താണ് ചൈന ആളുകളെ തിരിച്ചറിയുന്നത്. അധികം താമസിയാതെ വിരലടയാളം ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ അവസാനിപ്പിച്ച് മുഖംതിരിച്ചറിയല്‍ സാങ്കേതികവിദ്യയിലേക്ക് പല രാജ്യങ്ങളും തിരിഞ്ഞേക്കാം.
ബിബിസിയുടെ പരിപാടിയില്‍ ഇതിനായി ചൈന അനുവര്‍ത്തിക്കുന്ന ഞെട്ടിക്കുന്ന ഭീകരാവസ്ഥയുടെ തെളിവുകളും പുറത്തുവിട്ടു. ഒരാളുടെ വികാരങ്ങള്‍ വരെ കണ്ടെത്താനുള്ളത്ര വികസിച്ച സാങ്കേതികവിദ്യയാണ് ആ രാജ്യം ഉപയോഗിക്കുന്നത്. ഒരാളുടെ കുറ്റബോധം വരെ തിരിച്ചറിയാന്‍ ചൈന എഐയെ ആശ്രയിക്കുന്നുണ്ടെന്നു കരുതുന്നു.