മിക്ക രാജ്യങ്ങളും 5ജി സാങ്കേതികവിദ്യ തുടങ്ങാന്‍ ടെലികോം മേഖലയില്‍ പണി തുടങ്ങിയിട്ടു പോലുമില്ല. എങ്കിലും, തങ്ങളുടെ ഗവേഷകര്‍ 5ജിയേക്കാള്‍ 50 മടങ്ങ് വേഗമുള്ള 6ജി പരീക്ഷിച്ചു വിജയിച്ചതായി ദക്ഷിണ കൊറിയന്‍ ടെക്നോളജി ഭീമന്‍ സാംസങ് അവകാശപ്പെട്ടു.
കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് വോനില്‍ റോ പറഞ്ഞത് പുതിയ 5ജി പ്രക്ഷേപണ ഉപകരണം ഉപയോഗിച്ച് സെക്കന്‍ഡില്‍ 5.23 ജിബി ഡേറ്റ അയച്ചു എന്നാണ്. പക്ഷേ ഇത് 5ജി ഉപകരണങ്ങള്‍ വഴിയാണ്. കമ്പനിയുടെ പ്രസന്റേഷന്‍ സ്ലൈഡില്‍ പറയുന്നത് 5ജിയെക്കാള്‍ 50 മടങ്ങ് ഡേറ്റാസ്പീഡ് കൊണ്ടുവരാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ്.
എന്നാല്‍, 2028ലായിരിക്കും ഇതിന്റെ ജോലി പൂര്‍ത്തിയാകുക. ഇത് 2030ലായിരിക്കും വാണിജ്യപരമായി ലഭ്യമാക്കാനാകുക എന്നും കമ്പനി കരുതുന്നു. അതിവേഗ ഡേറ്റാ കൈമാറ്റം നടത്താനാകുന്ന 6ജി ഒരു പുതിയ ലോകം തന്നെ തുറക്കുമെന്നാണ് കരുതുന്നത്. ഉരുത്തിരിഞ്ഞു വരുന്ന പല സാങ്കേതികവിദ്യകളും 6ജിയുമായി സന്ധിക്കുമ്പോള്‍ പുതിയ സാധ്യതകള്‍ തുറക്കും.
6ജി സാങ്കേതികവിദ്യ സാധ്യമാക്കുന്ന കാര്യത്തില്‍ ഉത്സാഹഭരിതരാണ്. തങ്ങള്‍ ടെറാഹെട്സ് കമ്മ്യൂണിക്കേഷന്‍സ് വഴി 6ജിയുടെ സാധ്യതകള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന കാര്യം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞെന്നും സാംസങ് അവകാശപ്പെടുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, വിഷ്വല്‍ ടെക്നോളജീസ്, ഭാവിയുടെ സുരക്ഷ ഇവയിലെല്ലാം വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് തങ്ങള്‍ നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.