ഓരോ 2.75 കോടി വര്‍ഷം കഴിയുമ്പോഴും ഭൂമിയുടെ ഹൃദയമിടിപ്പ് സംഭവിക്കുന്നുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ജിയോസയന്‍സ് ഫ്രോണ്ടിയേഴ്സിലാണ് (Geoscience Frontiers) ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭൗമ പാളികളുടെ ചലനം, ഭൂകമ്പം, അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍, സമുദ്ര നിരപ്പിലെ ഉയര്‍ച്ചതാഴ്ച്ചകള്‍, കൂട്ട വംശനാശങ്ങള്‍ തുടങ്ങി പല ലക്ഷണങ്ങളും ഓരോ 2.75 കോടി വര്‍ഷം കൂടുമ്പോഴും സംഭവിക്കുന്നുവെന്നാണ് ഈ പഠനം പറയുന്നത്.
ഭൗമ ചലനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ സംഭവിക്കുന്നുവെന്നാണ് പല ഭൗമ ശാസ്ത്രജ്ഞരും കരുതുന്നതെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ജിയോളജിസ്റ്റും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകനുമായ മൈക്കല്‍ റാംപിനോ പറയുന്നു. അടുത്ത ഭൂമിയുടെ ഹൃദയമിടിപ്പിന് രണ്ട് കോടി വര്‍ഷങ്ങളുടെ ഇടവേളയുണ്ടെന്നും അതുകൊണ്ട് ഇതേ ചൊല്ലി ഇപ്പോള്‍ അമിത ആശങ്കക്ക് വകയില്ലെന്നു കൂടി പഠനം ഓര്‍മിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ 26 കോടി വര്‍ഷങ്ങളില്‍ സംഭവിച്ച ഭൗമ ചലനങ്ങളുടേയും പ്രതിഭാസങ്ങളുടേയും ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിശകലനമാണ് പുതിയ നിഗമനങ്ങളിലേക്ക് ഗവേഷകരെ എത്തിച്ചിരിക്കുന്നത്. ഭൂമിയുടെ ഹൃദയമിടിപ്പെന്ന് വിശേഷിപ്പിക്കുന്ന ഇത്തരം ചലനങ്ങളില്‍ ചിലത് ഭൂമിയില്‍ വന്‍ മാറ്റങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
‘ഇത്തരം ഭൗമ പ്രതിഭാസങ്ങള്‍ കരയിലും വെള്ളത്തിലും കൂട്ട വംശനാശത്തിന് കാരണമായിട്ടുണ്ട്. ഭൗമ പാളികളുടെ ചലനത്തിന്റെ വേഗം കൂടുന്നത് അഗ്‌നിപര്‍വ്വതസ്ഫോടനങ്ങള്‍ക്കും ഭൂഖണ്ഡങ്ങളെ മുക്കിക്കളഞ്ഞ പ്രളയങ്ങള്‍ക്കും സമുദ്രജലനിരപ്പ് ഉയരുന്നതിനുമെല്ലാം കാരണമായിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.
ഏതാണ്ട് 2.70 കോടി വര്‍ഷത്തിന്റെ ഇടവേളയിലാണ് ഇത്തരത്തിലുള്ള ഭൗമ ചലനങ്ങളുടെ അതിപ്രസരം സംഭവിക്കുന്നതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതുകൊണ്ടാണ് ഭൂമിയുടെ ഹൃദയമിടിപ്പിന്റെ കാലയളവായി 2.70 കോടി വര്‍ഷത്തെ ഇവര്‍ വിശേഷിപ്പിക്കുന്നതും. ഭൂമിയുടെ ഓരോ മിടിപ്പും വലിയ മാറ്റങ്ങളാണ് വരുത്തിയത്.
1920കളിലേയും 30കളിലേയും ഭൗമശാസ്ത്രജ്ഞര്‍ ഇത്തരം ഭൗമ പ്രതിഭാസങ്ങളുടെ ഇടവേളയായി കരുതിയിരുന്നത് മൂന്ന് കോടി വര്‍ഷങ്ങളെയാണ്. 1980കളും 90കളും ആയപ്പോഴേക്കും ഈ ഇടവേള 2.62 കോടി വര്‍ഷത്തിനും മൂന്ന് കോടി വര്‍ഷത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെട്ടു. 2.75 കോടി വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഭൂമിയില്‍ ജീവജാലങ്ങളുടെ കൂട്ടവംശനാശങ്ങള്‍ സംഭവിച്ചിട്ടുള്ളതെന്നും ഈ പഠനം ഓര്‍മിപ്പിക്കുന്നുണ്ട്.