പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കാവില്ലെന്ന് ദിവസങ്ങള്‍ക്കകം ആവര്‍ത്തിച്ച് നാസ മേധാവി ബില്‍ നെല്‍സണ്‍. അന്യഗ്രഹ ജീവന്‍ ഉണ്ടാകാമെന്ന് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ നെല്‍സണ്‍ ആവര്‍ത്തിച്ചത്. അന്യഗ്രഹ ജീവനെക്കുറിച്ചുള്ള സൂചനകളെ ഗൗരവമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു.
നമ്മുടെ പ്രപഞ്ചത്തിന് 1350 കോടി വര്‍ഷങ്ങളുടെ പ്രായമുണ്ട്. അത് വളരെ വലിയ കാലമാണ്. സൂര്യനെ പോലെ മറ്റൊരു നക്ഷത്രവും ഭൂമിയെ പോലെ മറ്റു ഗ്രഹങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ടോ? എന്നാണ് ചോദ്യമെങ്കില്‍ ഉണ്ടെന്നായിരിക്കും എന്റെ മറുപടി.
അന്യഗ്രഹ ജീവനെക്കുറിച്ചുള്ള സൂചനകള്‍ വൈകാതെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിനിടെ നെല്‍സണ്‍ പറഞ്ഞു. വര്‍ഷങ്ങളായി സൂര്യനു സമാനമായ നക്ഷത്രങ്ങളെക്കുറിച്ചും വാസയോഗ്യമായ ഗ്രഹങ്ങളെക്കുറിച്ചും അന്യഗ്രഹ ജീവനെക്കുറിച്ചുമുള്ള തിരച്ചില്‍ നാസ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2004 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അമേരിക്കന്‍ സൈന്യം അഭിമുഖീകരിച്ച 144 വിശദീകരിക്കാനാവാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
144ല്‍ 143 യുഎഫ്ഒകളും എന്താണെന്ന് വിശദീകരിക്കാന്‍ ജൂണ്‍ 25ന് പ്രസിദ്ധീകരിച്ച പെന്റഗണ്‍ റിപ്പോര്‍ട്ടിന് സാധിച്ചിരുന്നില്ല. ഈ റിപ്പോര്‍ട്ട് തന്നെ യുഎഫ്ഒകളെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നതിന്റെ സൂചകമായി മാറുകയായിരുന്നു.