ഉത്തർപ്രദേശ് : അപകടങ്ങളിലും മറ്റും പെട്ട് കൈകൾ നഷ്ടമായവർക്കോ മുറിച്ചു മാറ്റേണ്ടി വന്നവർക്കോ ദൈനം ദിന ജീവിതത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൃത്രിമ കൈകൾ നിർമ്മിച്ച് യുവാവ്. ഐഐടി കാൺപൂരിലെ പൂർവ്വ വിദ്യാർത്ഥിയായ നിശാന്ത് അഗർവാളാണ് കൃത്രിമ കൈയുടെ രൂപകല്പനയ്ക്ക് പിന്നിൽ. സാധാരണ കൈകൾ പോലെ തന്നെ കാണപ്പെടുന്ന ഇവ ഉപയോഗിച്ച് എല്ലാ ജോലികളും ചെയ്യാൻ സാധിക്കും. ഇതിനോടകം തന്നെ രാജ്യത്ത് ഈ കൃത്രിമ കൈകൾക്ക് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്.
2015 -മുതൽ 18- വരെയുള്ള ഐഐടിയിലെ പഠന കാലത്ത് കൈകൾ നഷ്ടപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ നേരിൽ മനസ്സിലാക്കിയ ശേഷം അത് പരിഹരിക്കാൻ ഐഐടിയിലെ തന്നെ വിദഗ്ധരുടെ സഹായത്തോടെയാണ് നിശാന്ത് കൃത്രിമ കൈ നിർമ്മാണത്തിലേക്ക് കടന്നത്. സ്വന്തമായി ആരംഭിച്ച ദി ലൈഫ് ആൻഡ് ലിമ്പ് ഫാക്ടറിയിലൂടെയാണ് നിശാന്ത് കൃത്രിമ കൈകൾ നിർമ്മിച്ചത്. സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ളവ റീചാർജ് ചെയ്ത് ഉപയോഗിക്കും പോലെ കൃത്രിമ കൈകൾ ചാർജ് ചെയ്ത് വേണം ഉപയോഗിക്കാൻ. ഒരു രാത്രി മുഴുവൻ ചാർജ് ചെയ്താൽ അടുത്ത ദിവസം മുഴുവൻ ഇത് ഉപയോഗിക്കാനാകും. ഒരു സാധാരണ വ്യക്തിയെപ്പോലെ തന്നെ എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കും
65,000- രൂപ മുതൽ 5 -ലക്ഷം വരെയാണ് കൃത്രിമ കൈകളുടെ വില. രാജ്യത്തിന് പുറത്ത് നിന്നും കൃത്രിമ കൈകൾ ആവശ്യപ്പെട്ട് നിരവധിപ്പേർ ബന്ധപ്പെടുന്നുണ്ടെന്ന് നിശാന്ത് പറയുന്നു.