ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാന്‍ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്.
നിക്ഷേപകരുമായി മസ്ക് ഇക്കാര്യം ചര്‍ച്ച ചെയ്തെന്ന് രേഖകള്‍ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിലെ 7,500 തൊഴിലാളികളില്‍ 75 ശതമാനം പേരെയും ഒഴിവാക്കാനാണ് മസ്കിന്‍റെ നീക്കം.
അടുത്ത മാസങ്ങളില്‍ തസ്തിക വെട്ടിക്കുറയ്ക്കല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ശമ്ബള ഇനത്തില്‍ ചെലവാക്കുന്ന തുക ഏകദേശം 800 മില്യണ്‍ ഡോളറായി വെട്ടിക്കുറയ്ക്കാന്‍ ട്വിറ്ററിന്‍റെ നിലവിലെ മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നു. ഇതുപ്രകാരം നാലിലൊന്ന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും.
അതായത് മസ്ക് ട്വിറ്റര്‍ വാങ്ങാന്‍ തീരുമാനിക്കും മുന്‍പുതന്നെ ചെലവ് കുറയ്ക്കാനുള്ള വിപുലമായ പദ്ധതികള്‍ ട്വിറ്റര്‍ മാനേജ്മെന്‍റ് ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ കൂട്ടപിരിച്ചുവിടലിന് നീക്കമില്ലെന്നാണ് എച്ച്.ആര്‍ വിഭാഗം തൊഴിലാളികളെ അറിയിച്ചത്. അതിനിടെയാണ് മസ്കിന്‍റെ കൂട്ടപിരിച്ചുവിടല്‍ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് വരുന്നത്. എന്നാല്‍ വാഷിങ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ ഇതുവരെ തയ്യാറായിട്ടില്ല.
4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോണ്‍ മസ്കിട്ട വില.