കലിഫോര്‍ണിയ: ഇരുപത്തിയഞ്ച് ദിവസത്തെ ദൗത്യ യാത്രക്കൊടുവില്‍ ചാന്ദ്ര പേടകം ഒറിയോണ്‍ പസഫിക്ക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങി. ഞായറാഴ്ച രാത്രി 11.10 ന് കലിഫോര്‍ണിയ ഗൗദലൂപ്പ് ദ്വീപിന് സമീപമാണ് പേടകം പതിച്ചത്.
തുടര്‍ന്ന് അമേരിക്കന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ പേടകം വീണ്ടെടുത്തു കപ്പലില്‍ എത്തിച്ചു.
മനുഷ്യനെ ചന്ദ്രനിലേക്ക് വീണ്ടും അയക്കുന്നതിനുള്ള നാസയുടെ പദ്ധതിയുടെ മുന്നോടിയാണ് ഒറിയോണ്‍ ദൗത്യം. മനുഷ്യന് പകരം മൂന്ന് ഡമ്മിയുമായായിരുന്നു യാത്ര. നവംബര്‍ 16നായിരുന്നു വിക്ഷേപണം. ചന്ദ്രന്റെ 130 കിലോമീറ്റര്‍ അടുത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഡിസംബര്‍ ഒന്നിനാണ് ഒറിയോണ്‍ മടക്കയാത്ര തുടങ്ങിയത്.
ഞായറാഴ്ച രാത്രി 10.51 ഓടെ പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടന്നു. മണിക്കൂറില്‍ 40000 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഇത്. പേടകത്തിലെ താപനില 2800 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. തുടര്‍ന്ന് പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് കടലിലിറങ്ങിയത്. ദൗത്യം വിജയകരമെന്ന് നാസ അറിയിച്ചു.