ബെംഗളൂരു: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി തായ്‌കൊണ്ടോ താരത്തിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി പോലീസ്. കര്‍ണാടകയിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഹോസ്റ്റലിലാണ് തായ്‌കൊണ്ടോ താരത്തിന്റെ കുളിമുറി ദൃശ്യങ്ങള്‍ വോളിബോള്‍ താരമായ യുവതി പകര്‍ത്തിയതായി പരാതി. മാര്‍ച്ച് 28ന് നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പഞ്ചാബ് സ്വദേശിനിയായ തായ്‌കൊണ്ടോ താരമാണു വോളിബോള്‍ താരത്തിനെതിരെ പരാതി നല്‍കിയത്.
പരിശീലനം കഴിഞ്ഞു കുളിക്കുന്നതിനിടെ വിഡിയോ പകര്‍ത്തുന്നതു കണ്ടെന്നു യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. തൊട്ടടുത്തുള്ള ശുചിമുറിയില്‍വച്ചാണു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തായ്‌കൊണ്ടോ താരം ശുചിമുറിയുടെ വാതിലില്‍ മുട്ടിയപ്പോള്‍ വോളിബോള്‍ താരം പുറത്തുവന്നു. യുവതി മൊബൈല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചെന്നും, പിന്നീട് അതെടുത്ത് ഓടിയെന്നും പരാതിയിലുണ്ട്.
പരിശീലകരെത്തി ചോദ്യം ചെയ്തതോടെ വോളിബോള്‍ താരം പൊട്ടിയ ഫോണ്‍ കൈമാറി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു. കര്‍ണാടകയിലെ സായിയുടെ വനിതാ ഹോസ്റ്റലിലാണു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. വോളിബോള്‍ താരത്തെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.