ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ ഡല്‍ഹി ജന്തര്‍ മന്തറിലെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍.
സുപ്രീംകോടതി ഉത്തരവ് വിജയത്തിന്റെ ആദ്യപടിയാണ്. എന്നാല്‍, ഡല്‍ഹി പൊലീസില്‍ വിശ്വാസമില്ല. ബ്രിജ് ഭൂഷണെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.
‘സുപ്രീംകോടതി ഉത്തരവിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങള്‍ക്ക് ഡല്‍ഹി പൊലീസില്‍ വിശ്വാസമില്ല. എഫ്.ഐ.ആറിനുവേണ്ടിയല്ല ഈ പോരാട്ടം. ബ്രിജ് ഭൂഷണെ പോലെയുള്ളവരെ ശിക്ഷിക്കാനാണ് ഈ പോരാട്ടം. അദ്ദേഹം ജയിലിലാകണം, പദവികളില്‍നിന്ന് നീക്കണം’ -ഗുസ്തി താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളില്‍ ബ്രിജ് ഭൂഷണെതിപെ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. പരാതി നല്‍കിയ താരങ്ങള്‍ക്ക് സുരക്ഷ ആവശ്യമെങ്കില്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദേശിച്ചു.