തിരുവനന്തപുരം: കേസരി എസ്എൽ ശ്യാം ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിന് ആവേശകരമായ തുടക്കം. ടൂർണമെന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രദർശന മത്സരത്തിൽ ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ നേതൃത്വം നൽകിയ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ടീം മാധ്യമപ്രവർത്തകരുടെ ടീമിനെ 11 റൺസിനു തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത ഐഎഎസ്– ഐപിഎസ് ടീം 10 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് നേടി.
മാധ്യമപ്രവർത്തകരുടെ ടീം ഒൻപത്ഓവറിൽ 65 റൺസിന് ഓൾ ഔട്ടായി. തൃശൂർ റേഞ്ച് ഡിഐജി എസ്.ഹരിശങ്കർ ആണ് മാൻ ഓഫ് ദ് മാച്ച്. സംസ്ഥാന പൊലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ് വിജയികൾക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, ക്രെഡായി ജനറൽ കൺവീനർ എസ്.എൻ.രഘുചന്ദ്രൻ നായർ, കേരള ക്രിക്കറ്റ് അസോസിയേഷൻ ഉപദേശക സമിതി ചെയർമാൻ രഞ്ജിത് തോമസ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി.നായർ എന്നിവർ പ്രസംഗിച്ചു.കായിക മന്ത്രി വി അബ്ദുറഹിമാൻ രാവിലെ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു . യൂണിയൻ ഭാരവാഹികളും ഇന്ദു ശ്യാമും പങ്കെടുത്തു. ഉദ്ഘാടന മത്സരത്തിൽ ദ് ഹിന്ദു, റിപ്പോർട്ടർ ടിവിയെ പരാജയപ്പെടുത്തി. ന്യൂസ് 18 കേരളം, ദേശാഭിമാനി, കേരള കൗമുദി– എ ടീമുകൾ അടുത്ത റൗണ്ടിലേക്കു കടന്നു. ആദ്യ റൗണ്ടിലെ ബാക്കി എട്ടു മത്സരങ്ങൾ ഇന്നു നടക്കും. ശനിയാഴ്ചയാണ് ടൂർണമെന്റിന്റെ ഫൈനൽ.