യൂറോപ്പില്‍ അരങ്ങുവാഴുന്ന കാല്‍പ്പന്തിലെ ആണ്‍കോയ്മയ്ക്ക് ഇടയില്‍ ഉയര്‍ന്നുവരുന്ന പെണ്‍ശബ്ദം എമ ഹൈസ്. എല്ലാക്കാലത്തും കായികലോകത്ത് കൂടുതല്‍ വാഴ്ത്തപ്പെട്ടത് പുരുഷന്മാരെയെന്ന് പറയാതെ വയ്യ. പക്ഷേ ഇക്കുറി അവര്‍ക്കൊപ്പം എമാ ഹൈസിനെയും അവരുടെ നീലപെണ്പടയെക്കുറിച്ചും ലോകം ചര്‍ച്ച ചെയ്തു. സമാനതകളില്ലാതെ വാഴ്ത്തിപ്പാടി. മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം വാര്‍ത്തകളില്‍ ഇടം പിടിച്ചു. അസാമാന്യ പാടവമുള്ള ചെല്‍സിയുടെ ഈ പെണ് സിംഹത്തെക്കുറിച്ച് പറയാതെ പോകുന്നത് എങ്ങനെ.
പരാജയങ്ങളെ ഇഴകീറി വിലയിരുത്തി, 8 വര്‍ഷങ്ങള്‍ കൊണ്ട് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച ടീമായി, യൂറോപ്പിലെ മികച്ച രണ്ടാമത്തെ ടീമാക്കി ചെല്‍സിയെ മാറ്റിയെങ്കില്‍ അതിന് പിന്നിലെ എല്ലാ പ്രശംസയ്ക്കും എമ അര്‍ഹയാണ്. ട്രാന്‍സ്ഫര്‍ വിപണിയെ ഇത്ര കൃത്യതയോടെ മനസ്സിലാക്കി താരങ്ങളെ ടീമിലെത്തിക്കുന്തില് എമയുടെ കഴിവ് വേറിട്ടുനില്ക്കുന്നു. ഒരു പക്ഷേ പുരുഷ പരിശീലകരില്‍ ഇന്നുള്ള പ്രമുഖരില്‍ പലര്‍ക്കും മുകളിലാണ് എമ ഇക്കാര്യത്തില്‍.
2012 ല്‍ ചെല്‍സിയിലെത്തിയ എമ ട്രാന്‍സ്ഫര്‍ വിപണിയില്‍ തന്റെ ബുദ്ധി കൃത്യമായി ഉപയോഗപ്പെടുത്തി തുടങ്ങിയത് 2015 മുതലാണ്. വെസ്റ്റേണ്‍ ന്യൂ യോര്‍ക്ക് ഫ്ലാഷില്‍ ട്രാന്‍സ്ഫര്‍ അഡ്വൈസറായി പ്രവര്‍ത്തിച്ച പരിചയവും ആര്‍സണല്‍ ലേഡീസ് ടീമിന്റെ അക്കാദമി ഡയറക്ടറായിരുന്നതുമെല്ലാം എമയ്ക്ക് വിപണിയില്‍ സഹായകരമായി.
ഇംഗ്ലീഷ് സെന്റര്‍ ഹാഫ് മിലി െ്രെബറ്റിനെയും സ്വീഡിഷ് ഗോള്‍കീപ്പര്‍ ഹെഡ്വിക്കിനെയും ടീമിലെത്തിച്ചു. കൃത്യമായ ഇടവേളകളില്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ എമ പ്രത്യേകം ശ്രദ്ധിച്ചുപോന്നു. 2021 ല്‍ ടീം എത്തി നില്ക്കുമ്പോള് ഫെറാന്‍ കിര്‍ബിയും സാം കെറുമടക്കം ശക്തമായൊരു ടീമുണ്ട് എമയ്ക്ക് കീഴില്‍.
എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 2019-20 / 2020-21 ലെ തുടര്‍ച്ചയായ രണ്ട് ടൈറ്റലുകളടക്കം 4 കിരീടങ്ങള്‍. രണ്ടുവീതം എഫ്.എ കപ്പും ലീഗ് കപ്പും. 2021 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകള്‍. ഹെയിസ് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും സക്സസ്സ്ഫുള്‍ പരിശീലകയായി മാറിക്കഴിഞ്ഞു.
താരങ്ങള്‍ക്കിടയിലെ സ്വാധീനമാണ് എമ ഹെയിസ് എന്ന പരിശീലകയുടെ ഏറ്റവും വലിയ വിജയം. ചെല്‍സി സൂപ്പര്‍ താരം ഫെറാന്‍ കെര്‍ബി ഒരിക്കല്‍ അത് തുറന്നു പറയുകയുണ്ടായി ‘Emma’s been incredible. She’s been my rock; the person who made sure I was protected from everything’.
അമ്മയുടെ മരണത്തോടെ വലിയ ഏകാന്തതയിലേക്കും അതുവഴി ഡിപ്രഷനിലേക്കും വീണുപോയ കെര്ബിയെ ചേര്‍ത്ത് പിടിച്ച് കളത്തിലേക്ക് തിരികെ കൊണ്ടുവന്നത് എമ ഹെയ്സ് ആയിരുന്നു. കെര്ബിയെന്ന ഇന്നത്തെ വലിയ താരത്തെ വളര്‍ത്തിയെടുത്തതും അവര്‍ തന്നെ. അതിന് അവര്‍ക്ക് കഴിഞ്ഞത് കളത്തിലെ പരിചയ സമ്പത്തുകൊണ്ട് മാത്രമല്ല.
ഗര്ഭാസ്ഥാവസ്ഥയില് തന്നെ ഇരട്ടക്കുട്ടികളില്‍ ഒരു മകനെ നഷ്ടമായിട്ടും തകരാതെ തന്റെ ഇനിയുള്ള മകന് തണലായ അമ്മയുടെ, പതിനേഴാം വയസ്സില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് കരിയര്‍ നഷ്ടമായിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ട കാല്പന്തിന്റെ ലോകത്തേക്ക് തിരികെയെത്തിയ സ്ത്രീയുടെ ആത്മധൈര്യത്തിന്റെ കൂടെ ആകെ തുകയാണ്.
യൂറോപ്പിലെ തങ്ങളുടെ ആദ്യ ഫൈനലില്‍ പരാജയപ്പെട്ട ശേഷം എമയുടെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ”മത്സരം തുടങ്ങും മുന്‍പേ തന്നെ മത്സരം അവസാനിച്ചു. വലിയ ദുഖമുണ്ട്. താരങ്ങളുടെ പരിചയക്കുറവും കാരണമായി. എന്റെ കുട്ടികള്‍ ചെല്‍സിയുടെ തലവന്‍ റോമന്‍ അബ്രാനോവിച്ചിന് ഒരു വാക്ക് കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ വീണ്ടും ഇതേ ഫൈനലില്‍ എത്തും. വൈകാതെ. അതുതന്നെ ധാരാളമാണ് എനിക്ക്…”
സാക്ഷാല്‍ റോമന്‍ കളികാണാനെത്തിയെങ്കില് തന്നെ ഒരു കാര്യം മനസ്സിലാക്കാം. ചെല്‍സി ക്ലബ്ബ് എത്രത്തോളം പ്രതീക്ഷയോടെയാണ് തങ്ങളുടെ ലേഡീസ് ടീമിനെ കാണുന്നത് എന്ന്. എമയുടെ വാക്കുകളെ വിശ്വസിക്കാം. അവര്‍ തിരിച്ചുവരും. യൂറോപ്പിന്റെ തലപ്പത്ത്. കിരീടം ഉയര്‍ത്താന്‍.
ചെല്‍സിയുടെ ഇതിഹാസ പരിശീലകര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍, പെണ്ണിനെ പിന്നാക്കം നിര്‍ത്താതെ അഭിമാനത്തോടെ പറയണം അത് എമ ഹെയിസും ജോസ് മൗറീന്യോയുമൊക്കെയാണെന്ന്…
പെണ്ണായതുകൊണ്ട്…പെണ്ണിനെന്താ കുഴപ്പം…
ഗുഡ് ലക് എമ ഹെയ്സ്…