കലിഫോര്‍ണിയ: ഒളിംപിക് സ്വര്‍ണം നേടിയ പുരുഷ താരം 39 വര്‍ഷങ്ങള്‍ക്കു ശേഷം താനൊരു സ്ത്രീയാണെന്ന് പ്രഖ്യാപിച്ചു ലോകത്തെ ഞെട്ടിച്ചു. യുഎസ് താരം ബ്രൂസ് ജെന്നറാണ് പ്രഖ്യാപനം നടത്തിയത്.
66ാം വയസ്സുവരെ പുരുഷനായുള്ള ജീവിതം, ഒളിംപിക് സ്വര്‍ണം, പിന്നീട് വനിതയാണെന്നുള്ള വെളിപ്പെടുത്തല്‍, സിനിമാഭിനയം, രാഷ്ട്രീയം… ഇപ്പോഴിതാ യുഎസിലെ കലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ഗവര്‍ണറാകാന്‍ മത്സരിക്കുകയാണ് അവര്‍.
1949 ഒക്ടോബര്‍ 28നു ന്യൂയോര്‍ക്കിലെ മൗണ്ട് കിസ്‌കോയിലാണ് ജെന്നറുടെ ജനനം. 1972 മ്യൂണിക് ഒളിംപിക്‌സില്‍ മത്സരിച്ചെങ്കിലും 10ാം സ്ഥാനമാണ് കിട്ടിയത്. പക്ഷേ സ്വര്‍ണം നേടിയ സോവിയറ്റ് യൂണിയന്റെ മിക്കോള അവിലോവിന്റെ പ്രകടനം ജെന്നര്‍ക്കു പ്രചോദനമായി. “അടുത്ത ഒളിംപിക്‌സില്‍ ഞാന്‍ സ്വര്‍ണം നേടും’ ജെന്നര്‍ അവിടെവച്ചു പ്രതിജ്ഞയെടുത്തു. “”മ്യൂണിക്കിലെ തെരുവില്‍ അന്നു രാത്രിതന്നെ ഞാന്‍ പരിശീലനം തുടങ്ങി..” ജെന്നര്‍ പില്‍ക്കാലത്തു പറഞ്ഞു.
ഭാര്യ ക്രിസ്റ്റിക്കൊപ്പമുള്ള ജെന്നറുടെ പര്യടനങ്ങള്‍ തരംഗമായി. സിനിമ, ടിവി, പരസ്യ ഷോകളിലൂടെ ജെന്നര്‍ അമേരിക്കന്‍ സ്വീകരണമുറികളിലും പരിചിതനായി. അങ്ങനെയിരിക്കെയായിരുന്നു 2015 ഏപ്രിലില്‍ ഒരു അഭിമുഖത്തില്‍ താന്‍ സ്ത്രീയാണെന്നുള്ള ജെന്നറുടെ പ്രഖ്യാപനം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ജെന്നര്‍ സ്ത്രീവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
വെളിപ്പെടുത്തലിനു പിന്നാലെ, 4 മണിക്കൂര്‍ 3 മിനിറ്റിനുള്ളില്‍ ജെന്നറുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് 10 ലക്ഷം കടന്നു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിലുണ്ടായിരുന്ന ഗിന്നസ് റെക്കോര്‍ഡാണ് ജെന്നര്‍ തിരുത്തിയത്. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജെന്നര്‍ കലിഫോര്‍ണിയ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അതും ചരിത്രമാകും.