കുവൈറ്റ് സിറ്റി: കുവൈറ്റ് ആതിഥ്യം വഹിക്കുന്ന മൂന്നാമത് ജി.സി.സി ഗെയിംസിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. കുവൈറ്റിലെയും അറേബ്യയിലെയും മരുഭൂമിയില്‍ കാണപ്പെടുന്ന അല്‍ ഹെസ്നി എന്ന ചുവപ്പ് നിറമുള്ള കുറുക്കനാണ് ചിഹ്നം.
കഠിനമായ മരുഭൂമിയില്‍ ജീവിക്കാനുള്ള കഴിവിന് പേരുകേട്ടതിനാലുമാണ് അല്‍ഹെസ്‌നിയെ കായികമേളയുടെ മാസ്‌കോട്ട് ആയി തെരഞ്ഞെടുത്തതെന്ന് സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗവും വനിതാ സ്‌പോര്‍ട്‌സ് കമ്മിറ്റി മേധാവിയുമായ ഫാത്തിമ ഹയാത്ത് പറഞ്ഞു.
മേയ് 22നാണ് ജി.സി.സി കായികമേളയുടെ മൂന്നാം പതിപ്പിന് ഔദ്യോഗിക തുടക്കമാകുന്നത്, 31ന് സമാപിക്കും.
അതേസമയം, കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ചില ഗ്രൂപ്പ് മത്സരങ്ങള്‍ മേയ് 13ന് ആരംഭിക്കും. ഹാന്‍ഡ്ബാള്‍, വോളിബാള്‍, ബാസ്കറ്റ്ബാള്‍, ഫുട്സാല്‍, നീന്തല്‍, അത്ലറ്റിക്സ്, കരാട്ടെ, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, ടെന്നീസ്, െഎസ് ഹോക്കി, ബൈസിക്ലിങ്, ടേബിള്‍ ടെന്നീസ്, പാഡെല്‍, ഇ സ്പോര്‍ട്സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ ഉണ്ടാകുക.
ജി.സി.സി ഗെയിംസില്‍ ആദ്യമായി ഫുട്സാല്‍, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിള്‍ ടെന്നീസ്, ബാസ്കറ്റ്ബാള്‍, ഇലക്‌ട്രോണിക് ഗെയിംസ് എന്നിവയില്‍ വനിതകള്‍ക്കും മത്സരമുണ്ടാകും.
കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ടീമുകള്‍ മാറ്റുരക്കും.