മയ്യോര്‍ക്ക: ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. ഏകദേശം 14 കോടിയിലധികം രൂപ വില വരുന്ന ബുഗാട്ടി വെയ്‌റോണ്‍ എന്ന സ്‌പോര്‍ട്‌സ് കാറാണ് അപകടത്തില്‍ പെട്ടത്.
സ്‌പെയിനിലെ മയോര്‍ക്കില്‍ വച്ചായിരുന്നു സംഭവം. സ്പാനിഷ് മാദ്ധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ക്രിസ്റ്റ്യാനോ ഈ സമയം വണ്ടിയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവനക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അമിതവേഗതയില്‍ എത്തിയ കാര്‍ വളവ് തിരിച്ചപ്പോള്‍ നിയന്ത്രണം വിട്ടതാണെന്നാണ് സൂചന. സമീപത്തുള്ള ഒരു വീടിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. കാറിന്റെ എഞ്ചിന്‍ അപകടത്തില്‍ തകര്‍ന്നു.
അവധി ആഘോഷിക്കാനായി സ്‌പെയിനിലെത്തിയ റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ നിന്നും കാര്‍ മയ്യോര്‍ക്കയിലേക്ക് എത്തിക്കുകയായിരുന്നു.