ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് കസാഖിസ്ഥാന്റെ എലെന റെബാക്കിന. വിംബിള്‍ഡണില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്താണ് താരത്തിന്റെ കിരീട നേട്ടം. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖിസ്ഥാന്‍ താരമെന്ന ഒരിക്കലും മായ്ക്കാന്‍ സാധിക്കാത്ത അപൂര്‍വ നേട്ടമാണ് 23കാരി കിരീടത്തോടൊപ്പം തുന്നിച്ചേര്‍ത്തത്.
വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തകര്‍ത്താണ് താരം ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. കരിയറിലെ കന്നി ??ഗ്രാന്‍ഡ് സ്ലാം കിരീടത്തിലേക്ക് ആദ്യ സെറ്റ് വഴങ്ങിയ ശേഷം പൊരുതിക്കയറിയാണ് താരം എത്തിയത്. സ്‌കോര്‍: 3-6, 6-2, 6-2.
റണ്ണറപ്പായ ഒന്‍സ് ജാബിയൂറും ഒരു അപൂര്‍വ നേട്ടത്തിന് ഉടമയായി. ആധുനിക ടെന്നീസില്‍ ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വനിതയെന്ന നേട്ടം സ്വന്തമാക്കിയാണ് ടുണീഷ്യയുടെ ജാബിയൂര്‍ സെന്റര്‍ കോര്‍ട്ടില്‍ നിന്ന് മടങ്ങിയത്.
ഫൈനലില്‍ കടുത്ത പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. മൂന്നാം സീഡ് ജാബിയൂര്‍ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് 6-3 ന് ജാബിയൂര്‍ സ്വന്തമാക്കി. എന്നാല്‍ റെബാക്കിനയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. രണ്ടാം സെറ്റ് 6-2 ന് സ്വന്തമാക്കി താരം തിരിച്ചടിച്ചു. മൂന്നാം സെറ്റിലും 6-2 ന് വിജയിച്ച് റെബാക്കിന ടെന്നീസ് ചരിത്രത്തില്‍ പുതിയ കൈയൊപ്പു ചാര്‍ത്തി.