ടോക്കിയോ: ഒളിംപിക്‌സിനു പിന്നാലെ ടോക്കിയോ പാരാലിംപിക്‌സിലും ഉജ്വല പ്രകടനം തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിങ് റേഞ്ചില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അവനി ലെഖാര ഇന്ത്യയുടെ അഭിമാന താരമായി.
ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലും ഷൂട്ടിങ്ങിലെ ആദ്യ മെഡലുമാണിത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണു നേട്ടം.
പാരാലിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോര്‍ഡും അവനി സ്വന്തമാക്കി.
ഫൈനലില്‍ 249.6 സ്‌കോര്‍ നേടിയ അവനി ലോക റെക്കോര്‍ഡിന് ഒപ്പമെത്തുന്ന പ്രകടനത്തോടെയാണു സ്വര്‍ണം നേടിയത്. ചൈനയുടെ കുയിപിങ് ഷാങ്കിനാണു (248.9) വെള്ളി. യുക്രെയിന്റെ ഇരിന ഷെറ്റ്‌നിക് (227.5) വെങ്കലം നേടി.
2018ല്‍ 249.6 സ്‌കോറോടെ ലോക റെക്കോര്‍ഡ് സ്ഥാപിച്ച ഇരിനയെയാണു ടോക്കിയോയില്‍ അവാനി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ്. ടോക്കിയോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ നാലാം മെഡലാണിത്.
621.7 സ്‌കോര്‍ നേടിയ അവനി ഏഴാം സ്ഥാനക്കാരിയായാണു ഫൈനലിനു യോഗ്യത നേടിയത്. എന്നാല്‍ പിന്നീടു മികവിലേക്കുയര്‍ന്ന അവനി മെഡല്‍ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.