ന്യൂജഴ്‌സി: റസ്ലിങ് താരം ബ്രേ വയറ്റ് 36-ാം വയസ്സില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ഡബ്ല്യുഡബ്ല്യുഇ മുന്‍ ചാംപ്യനായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം റസ്‌ലിങ് മത്സരങ്ങളില്‍നിന്ന് കുറച്ചു മാസങ്ങളായി വയറ്റ് വിട്ടുനില്‍ക്കുകയായിരുന്നു. വിന്റം റോറ്റുണ്ട എന്നാണ് ബ്രേ വയറ്റിന്റെ യഥാര്‍ഥ പേര്.
2009 മുതല്‍ ബ്രേ വയറ്റ് ഡബ്ല്യുഡബ്ല്യുഇയുടെ ഭാഗമായി മത്സരങ്ങളിലുണ്ട്. വേദിയിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെയും വയറ്റ് സ്വന്തമാക്കി. ഡബ്ല്യുഡബ്ല്യുഇ ചാംപ്യന്‍ഷിപ്പും യൂണിവേഴ്‌സല്‍ ചാംപ്യന്‍ഷിപ്പും വിജയിച്ചിട്ടുണ്ട്. റസ്‌ലിങ് താരമായിരുന്ന മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രേ വയറ്റ്. 2021, 2022 വര്‍ഷങ്ങളിലും റെസ്‌ലിങ്ങില്‍നിന്ന് വയറ്റ് അവധിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് മത്സരങ്ങളിലേക്കു തിരിച്ചെത്തി.
”കുറച്ചു മുന്‍പാണു ഡബ്ല്യുഡബ്ല്യുഇ ഹാള്‍ ഓഫ് ഫെയ്മര്‍ മൈക്ക് റോറ്റുണ്ടയുടെ ഫോണ്‍ കോള്‍ വരുന്നത്. ഡബ്ല്യുഡബ്ല്യുഇ കുടുംബാംഗം ബ്രേ വയറ്റിന്റെ വിയോഗ വാര്‍ത്ത അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് ആ വിവരമെത്തിയത്. ഇത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണ്. എല്ലാവരും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണം” ട്രിപ്പിള്‍ എച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പ്രതികരിച്ചു.