പി ശ്രീകുമാര്‍
ലോക കായികവേദിയില്‍ ഇന്ത്യയ്ക്കായി അഭിമാനനേട്ടങ്ങള്‍ ഓടിപ്പിടിച്ച ‘പയ്യോളി എക്‌സ്പ്രസ്’ പി.ടി.ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റായിരിക്കുന്നു. 95 വര്‍ഷത്തെ ചരിത്രമുള്ള ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത. ആദ്യ ഒളിംപ്യന്‍, ആദ്യ മലായാളി..പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ ഉഷ തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ കായികരംഗത്തിന്റെ പുതു ചരിത്രമാണ്. രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം വമ്പന്‍മാര്‍ ഇരുന്ന കസേരയിലേക്കാണ് പി.ടി. ഉഷയെത്തുന്നത്.
എന്നാല്‍, ഒളിംപ്യനും രാജ്യാന്തര മെഡല്‍ ജേതാവുമായ ഒരാള്‍ ഐഒഎയുടെ അധ്യക്ഷപദത്തില്‍ എത്തുന്നത് ഇതാദ്യം.ഒളിംപ്യന്‍ അത്‌ലിറ്റ് ആകുന്നതിനൊപ്പംതന്നെ ഉഷ പരിചയ സമ്പന്നയായ പരിശീലകയാണ്. സംഘാടകയാണ്. കായിക വിദ്യാലയത്തിന്റെ ഉടമയാണ്. എംപിയാണ്. പോയകാലത്തെ നേട്ടങ്ങളുടെ ചരിത്രം മാത്രമല്ല ഉഷയുടെ നേട്ടം. അന്നുമുതല്‍ ഇന്നോളം കായിക രംഗത്തോടൊപ്പം സഞ്ചരിക്കുകയും കായിക രംഗത്തെ ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. പരിചയ സമ്പത്തിന്റെ കാര്യത്തില്‍ മറുവാക്ക് ഇല്ല. രാഷ്ട്രീയ, പ്രാദേശിക വ്യത്യാസമില്ലാതെ രാഷ്ട്രം ആദരിക്കുന്ന വ്യക്തിത്വം. കളികള്‍ക്കും കളിക്കാര്‍ക്കും വേണ്ടത് എന്തെന്നും പോരായ്മ എന്തെന്നും എങ്ങനെ പരിഹരിക്കാമെന്നും സര്‍ക്കാര്‍ തലത്തിലും സംഘടനാ തലത്തിലും എന്തൊക്കെ ചെയ്യാനാവുമെന്നും വ്യക്തമായ ധാരണയുണ്ട്. എംപി എന്ന നിലയില്‍ അതൊക്കെ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിയും.
കായിക രംഗത്തുനിന്നുള്ള പലരും ഇതിനു മുന്‍പും സംഘടനാ തലപ്പത്തു വന്നിട്ടുണ്ട്. എംപിമാരായിട്ടുമുണ്ട്. ഉഷയെ അവരില്‍ നിന്നൊക്കെ വ്യത്യസ്തയാക്കുന്നത്, ട്രാക്കിലെ പോരാട്ടങ്ങളുടെ അതേ വീറോടും വാശിയോടും കൂടി കായിക രംഗത്തെ പ്രശ്‌നങ്ങള്‍ക്കു വേണ്ടിയും പോരാടിക്കൊണ്ടിരിക്കുന്ന ചരിത്രമാണ്. ഐഒഎ തെരഞ്ഞെടുപ്പില്‍ ഉഷ മത്സര രംഗത്തു വരുന്നു എന്ന് അറിഞ്ഞതോടെ എതിരാളികള്‍ ഇല്ലാതായത് ഉഷയ്ക്കുള്ള അംഗീകാരം മാത്രമല്ല, സംഘടനാ തലത്തില്‍ ദേശീയ കായിക രംഗത്തെ കാത്തിരിക്കുന്ന ശുഭസൂചനകൂടിയാണ്. ബിജെപി നാമനിര്‍ദ്ദേശം ചെയ്ത രാജ്യസഭാംഗമാണ് പി.ടി. ഉഷ. അതുകൊണ്ടാണ് അവസരം കൈവന്നതെന്നും പറയാം. ഒരു കായികതാരത്തിന് അവസരം നല്‍കിയതില്‍ ബിജെപിക്ക് അഭിമാനിക്കാം.നേരത്തേയും ബിജെപി കേന്ദ്രത്തില്‍ അധികാരത്ത്ിലെത്തിയപ്പോള്‍ പി ടി ഉഷയെ കായിക മന്ത്രി ആക്കാന്‍ ആലോചിച്ചിരുന്നു. വാജ്‌പേയ് മന്ത്രി സഭയില്‍ ചേരാന്‍ കിട്ടിയ അവസരം താന്‍ പരിശീലിപ്പിക്കുന്ന ഒരാളെക്കൊണ്ട് ഒളിംപ്ക്‌സ് മെഡല്‍ അണിയിക്കുക എന്ന സ്പനത്തിന്റെ പേരില്‍ ഉഷ വേണ്ടന്നും വെയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഉറച്ച പിന്തുണ ഉഷയ്ക്കു ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളെയെല്ലാം പേരെടുത്തു വിളിക്കാനും വീട്ടുവിശേഷം ചോദിക്കാനും കഴിയുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഉഷയുടെ സാരഥ്യത്തിലൂടെ പ്രധാനമന്ത്രി വലിയ സ്വപ്‌നങ്ങള്‍ കാണുന്നു. ഇന്ത്യയില്‍ ഒളിംപിക്‌സിന് വേദിയൊരുക്കുക എന്ന ലക്ഷ്യവും മുന്നിലുണ്ട്.
കായികതാരമായും പരിശീലകയായും ട്രാക്കില്‍ ഉഷ കൈവരിച്ച നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലുമായി 19 സ്വര്‍ണമടക്കം 33 മെഡലുകള്‍ നേടി.
തുടര്‍ച്ചയായ 4 ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലീറ്റായി. 1985ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഉഷ ഇന്ത്യയ്ക്കുവേണ്ടി നേടിയത് 5 സ്വര്‍ണമടക്കം 6 മെഡലുകളായിരുന്നു. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ഇതെ!ാരു റെക്കോര്‍ഡാണ്. തനിക്കു ലഭിക്കാതെ പോയ ഒളിംപിക്‌സ് മെഡല്‍ ശിഷ്യരിലൂടെ സാക്ഷാത്കരിക്കണമെന്ന ലക്ഷ്യത്തോടെ 2002ല്‍ ഉഷ സ്‌കൂള്‍ ഓഫ് അത്!ലറ്റിക്‌സിനു തുടക്കമിട്ടു. അവിടെനിന്ന് ഇതുവരെ 2 ഒളിംപ്യന്മാരടക്കം 8 രാജ്യാന്തര കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനും ഉഷയ്ക്കു സാധിച്ചിട്ടുണ്ട്.ജീവിതം കായികമേഖലയ്ക്കായി ഉഴിഞ്ഞുവച്ച ഉഷയുടെ സമര്‍പ്പണത്തിനു ലഭിക്കുന്ന ആദരവുകൂടിയാണ്് ഐഒഎ അധ്യക്ഷ പദവി.
നാനാ രംഗത്തും ഇന്നത്തെ ദേശീയ രാഷ്ട്രീയഭരണ നേതൃത്വം നടപ്പില്‍ വരുത്തിവരുന്ന വികസനത്തിന്റെയും ഉണര്‍വിന്റേയും ഉത്തേജനത്തിന്റെയും തുടര്‍ച്ചയായി ഉഷയുടെ വരവിനെ കാണാം. വികസനത്തിന് അടിസ്ഥാനമായി വേണ്ടത് വ്യക്തമായ കാഴ്ചപ്പാടും ദീര്‍ഘ വീക്ഷണവുമാണ്. പിന്നെ അവ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ആത്മാര്‍ഥതയും. ആശയപരമായ ദാരിദ്ര്യമായിരുന്നു ഇന്ത്യന്‍ കായിക രംഗത്തിന്റെ പ്രധാന ന്യൂനത. ലോക കായികരംഗം സഞ്ചരിക്കുന്ന ദിശ നിരീക്ഷിച്ച് ആ വഴിയില്‍ നീങ്ങാന്‍ മാത്രമതല്ല മുന്നേറാന്‍ തന്നെ നമ്മള്‍ സജ്ജരായിരിക്കണം. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ഇന്ത്യന്‍ കായിക സംഘാടക രംഗം ഒരിക്കലും അതിനു താത്പര്യം കാണിക്കുന്നതായി തോന്നാറില്ല.
ശാരീരകവും സാങ്കേതികവുമായി നമ്മുടെ താരങ്ങള്‍ മറ്റുള്ളവരോട് ഒപ്പം നില്‍ക്കുമ്പോഴും മാനസികമായി തളര്‍ന്നു പോകുന്നത് ഇന്ത്യന്‍ കായിക രംഗത്തിന്റെ എക്കാലത്തേയും ശാപമായിരുന്നു. അതിനു പ്രധാന കാരണം രാജ്യാന്തര മത്സര രംഗത്തെത്തുന്ന ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന അപകര്‍ഷതാ ബോധമായിരുന്നു. ലോക നിലവാരത്തില്‍ പോരാടി മത്സര പരിചയവും മനക്കരുത്തും ആര്‍ജിക്കാനുള്ള അവസരം നമ്മുടെ കുട്ടികള്‍ക്കു കൈവന്നു തുടങ്ങിയിട്ട് അധികമായില്ല. ഇത്തരം അവസരങ്ങള്‍ക്കു വേണ്ടി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ഉഷ പലപ്പോഴും അന്നത്തെ സംഘടനാ ഭാരവാഹികളുടെ കണ്ണിലെ കരടായിരുന്നുതാനും. ഉഷക്കു തന്നെയുണ്ടായ ഒളിംപിക് മെഡല്‍ നഷ്ടം പോലും അത്തരം മത്സരപരിചയക്കുറവിന്റെ ഫലമാണെന്നാണു വിലയിരുത്തപ്പെട്ടിരുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോക നിലവാരത്തിലാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ലോകനിലവാരത്തിലുള്ള മത്സര പരിചയവും. കായികരംഗത്തെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനും സംഘടനകളുടെ പ്രവര്‍ത്തനം കായികതാരങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണെന്ന് ഉറപ്പുവരുത്താനും ഉഷയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കു കഴിയുമെന്നാണു കായിക പ്രേമികളുടെ പ്രതീക്ഷ. ഇന്ത്യയുടെ അഭിമാനമായ ഇതിഹാസ താരം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തുണ്ടെന്ന ബോധ്യം രാജ്യത്തെ കായികതാരങ്ങള്‍ക്കു പുത്തനുണര്‍വേകും.
ദേശീയ കായിക രംഗത്ത് ഇത് ഉണര്‍വിന്റെ കാലമാണ്. കഴിഞ്ഞ വര്‍ഷത്തെ ഒളിപിക്‌സിലെ പോരാട്ട മികവിലൂടെ നമ്മുടെ കായിക താരങ്ങള്‍ തുടക്കമിട്ട ആ ഉയിര്‍ത്തെഴുനേല്‍പ്, രാജ്യത്തിന്റെ ഭരണതലത്തില്‍ കളികള്‍ക്കും കളിക്കാര്‍ക്കും അടുത്തകാലത്തു കിട്ടുന്ന അംഗീകാരവും പരിഗണനയും പ്രോത്സാഹനവും വ്യക്തമാക്കുന്നതായിരുന്നു. അതിന്റെ അനുരണനങ്ങള്‍ ദേശീയ കായിക രംഗത്ത് ആകെ ഉത്തേജകമായി പടരുകയും ചെയ്തു. ആ ഉണര്‍വിനു പുതിയ ഊര്‍ജം പകരുന്നതാണ് ദേശീയ കായിക സംഘാടക രംഗത്തേയ്ക്ക് പി.ടി.ഉഷയുടെ വരവ്.