സാൻഫ്രാൻസിസ്കോ: സമൂഹ മാധ്യമമായ ‘ട്വിറ്റർ’ വാങ്ങാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്. 4,400 കോടി യു.എസ് ഡോളറിനാണ് ’ടെസ്ല’ സി.ഇ.ഒ ആയ മസ്ക് ഇടപാട് ഉറപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള സാധ്യത വേണ്ട വിധത്തിൽ ‘ട്വിറ്റർ’ ഉപയോഗപ്പെടുത്തുന്നില്ല എന്നതിനാലാണ് താൻ ഈ ഇടപാട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കാൻ ഇത് സ്വകാര്യ കമ്പനിയാകണമെന്നും അദ്ദേഹം പറഞ്ഞു. വിൽപന പൂർത്തിയാകുന്നതോടെ സ്വകാര്യ കമ്പനിയാകുമെന്ന് ‘ട്വിറ്ററും’ അറിയിച്ചു.
ഓഹരിയുടമകളുടെ സമ്മർദത്തെ തുടർന്ന് ട്വിറ്റർ വാങ്ങൽ ഇടപാട് സംബന്ധിച്ച് ഇലോൺ മസ്കുമായി ട്വിറ്റർ ബോർഡ് ചർച്ച നടത്തിയിരുന്നു. മസ്ക് മുന്നോട്ടുവെച്ച ഏറ്റെടുക്കൽ ഇടപാട് തിങ്കളാഴ്ച പുലർച്ചെ ചർച്ച ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏപ്രിൽ 14നാണ് ഒരു ഓഹരിക്ക് 54.20 ഡോളർ അല്ലെങ്കിൽ ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. എന്നാൽ എങ്ങനെ പണം കണ്ടെത്തുമെന്ന് അന്ന് വ്യക്തമാക്കിയില്ല. 4650 കോടി യു.എസ് ഡോളർ കണ്ടെത്തിയതായി മസ്ക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇടപാട് ചർച്ച ചെയ്യാൻ കമ്പനി ബോർഡിൽ സമ്മർദവും ചെലുത്തി.