തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരാരിക്കെ വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം. ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയതിന് പിന്നാലെയാണ് സതീശന് വേണ്ടി ഒരു സംഘം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്. സതീശന്‍ പ്രതിപക്ഷത്തിനിരിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നും തലമുറ കൈമാറ്റം ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നുമാണ് ഒരു കൂട്ടം നേതാക്കളുടെ നിലപാട്.
എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ചെന്നിത്തലയ്ക്ക് മാത്രമല്ലെന്നും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്നും ഐ ഗ്രൂപ്പില്‍ വിലയിരുത്തലുണ്ട്. ഐ ഗ്രൂപ്പിലെ പ്രബലരായ രണ്ട് പേരെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ഇത്തവണ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതും. തിരുവഞ്ചൂരിനെ പരി?ഗണിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഐ ഗ്രൂപ്പിനൊപ്പം 12 എം.എല്‍.എമാര്‍. എ ഗ്രൂപ്പിനൊപ്പം 9 പേരുമുണ്ട്. ഇക്കാര്യത്തിലെ മുന്‍തൂക്കം മുതലെടുത്ത് ഐ ഗ്രൂപ്പ് രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കും.
അതേസമയം പികെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായവും വിഷയത്തില്‍ നിര്‍ണായകമാവുമെന്നാണ് സൂചന. പാണാക്കാട് നിന്ന് ചെന്നിത്തലയ്‌ക്കെതിരെ എതിര്‍പ്പൊന്നും വരാന്‍ സാധ്യതയില്ല. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്ന് മാറില്ലെന്ന് ചെന്നിത്തല പരസ്യപ്രസ്താവന നടത്തിയാല്‍ എ ഗ്രൂപ്പും എതിരഭ്രിപായങ്ങള്‍ പറയില്ല. വിഡി സതീശന് വേണ്ടി വാദിക്കുന്ന നേതാക്കളുടെ അഭിപ്രായം ഹൈക്കമാന്റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഖയും വൈദ്യലിങ്കവും പാടെ നിരാകരിച്ചേക്കില്ല.
പ്രതിപക്ഷ നേതാവിനെ അന്തിമമായി പ്രഖ്യപിക്കുന്നത് മല്ലികാര്‍ജുന്‍ ഗാര്‍ഖയും വൈദ്യലിങ്കവുമായിരിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. ഘടകകക്ഷി നേതാക്കളുടെ അഭിപ്രായവും ഇരു നേതാക്കളും കേള്‍ക്കും. ദേശീയ തലത്തിലേക്ക് രാഷ്ട്രീയ പരിസരം മാറ്റില്ലെന്ന് പ്രഖ്യാപിച്ച ചെന്നിത്തല സംസ്ഥാന നേതൃത്വത്തില്‍ ശക്തമായ സാന്നിദ്ധ്യമായി തുടരുമെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന സ്ഥാനത്ത് നിന്നും മാറാതെ പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനാവും ചെന്നിത്തല ശ്രമിക്കുക.