കശ്മീരിലുള്ള അഹര്‍ബാല്‍ വെള്ളച്ചാട്ടം നയാഗ്രയെക്കാള്‍ മികച്ചതെന്ന് അനുഭവസ്ഥര്‍. കുല്‍ഗാം ജില്ലയിലെ നൂറാബാദിനടുത്തായി സ്ഥിതി ചെയ്യുന്ന അഹര്‍ബാല്‍ വെള്ളച്ചാട്ടത്തിനെ ‘കശ്മീരിന്‍റെ നയാഗ്ര’ എന്നാണ് വിളിക്കുന്നത്. ഝലം നദിയുടെ പോഷകനദിയായ വിഷവ് നദിയിലുള്ള ഈ വെള്ളച്ചാട്ടം 25 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് താഴേയ്ക്ക് പതിക്കുന്നത്.
100 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കാന്‍ അത്രയും ജലം ഈ വെള്ളച്ചാട്ടത്തിലുണ്ട്. കണ്ണിനും കാതിനും ഒരുപോലെ ഉത്സവമേളമൊരുക്കുന്ന ഈ വെള്ളച്ചാട്ടവും അരികിലുള്ള മറ്റു കാഴ്ചകളും കാണാനും അനുഭവിച്ചറിയാനുമായി വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.
ഭൂമിയിലെ സ്വര്‍ഗതുല്യമായ സ്ഥലങ്ങളില്‍ ഒന്നാണ് അഹര്‍ബാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന അഹര്‍ബാല്‍ ഹില്‍സ്റ്റേഷന്‍. കശ്മീരിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണിത്. സമുദ്രനിരപ്പില്‍ നിന്നും 2266 മീറ്റര്‍ ഉയരത്തില്‍, പീര്‍ പഞ്ചല്‍ പര്‍വതപ്രദേശത്തായാണ് അഹര്‍ബാല്‍. എങ്ങും സമാധാനവും സൗന്ദര്യവും വഴിഞ്ഞൊഴുകുന്ന ഈ പ്രദേശം കണ്ടാല്‍ കലാപബാധിതമായ കശ്മീരിനെപ്പറ്റി ആരും ഓര്‍ക്കുക പോലുമില്ല.
ധാരാളം മീനുകളുള്ള നദിയാണ് വിഷവ്. അതുകൊണ്ടുതന്നെ മീന്‍പിടിത്തം ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന വിനോദമാണ്. ഇതിനായി അഹര്‍ബാലിലെ ഫിഷറീസ് വകുപ്പില്‍ നിന്നും പ്രത്യേകം പെര്‍മിഷന്‍ എടുക്കണം.
വിഷവ് നദിയുടെ ഉത്ഭവസ്ഥാനമായ കോണ്‍സെര്‍നാഗ് തടാകത്തിലേക്ക് ട്രെക്കിങ്ങും നടത്താം. രണ്ടു ദിവസം നീളുന്ന യാത്രയാണിത്. പകുതിയില്‍ കുങ്വത്താനിലെ ആല്‍പൈന്‍ പുല്‍മേട്ടില്‍ വിശ്രമിച്ച് യാത്ര തുടരാം.
വിവിധ ദേശങ്ങളില്‍ നിന്നു എത്തുന്ന സഞ്ചാരികള്‍ക്കായി താമസ സൗകര്യവും ഭക്ഷണശാലകളും ഉള്‍പ്പെടെയുള്ള നിരവധി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ അഹര്‍ബല്‍ ഡവലപ്മെന്‍റ് അതോറിറ്റിക്കാണ് ഇതിന്‍റെ ചുമതല.
താമസത്തിനായി ചെറിയ കൂടാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുല്‍മേടുകള്‍ക്കിടയില്‍ ആകാശത്തെ നക്ഷത്രങ്ങളും പര്‍വതത്തലപ്പുകളും കണ്ടു കിടക്കാം.
കുല്‍ഗാം ജില്ലയിലെ നൂറാബാദ് സബ്ഡിവിഷനിലാണ് അഹര്‍ബാല്‍. ശ്രീനഗറില്‍ നിന്നും ഷോപിയാന്‍ വഴി ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ഷോപിയാന്‍ വഴി കാറിലോ ബസ്സിലോ 3 മണിക്കൂറില്‍ താഴെ മാത്രമേ സമയമെടുക്കൂ.
കുല്‍ഗാം – നെഹാമ – ഡിഎച്ച് പോറ – കെബി പോറ – മന്‍സ്ഗാം – വട്ടൂ – അഹര്‍ബാല്‍ ആണ് മറ്റൊരു വഴി. കിഴക്ക് ഭാഗത്തായി 44 കിലോമീറ്റര്‍ അകലെയുള്ള അനന്ത്‌നാഗ് റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.