ന്യൂഡല്‍ഹി: 15 പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ഫയല്‍ ചെയ്യാന്‍ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയിലെ അടക്കം നേതാക്കള്‍ക്കെതിരെ റെയ്ഡ് നടത്താനും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചതായി അദ്ദേഹം ആരോപിച്ചു.
“നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 15 പേരുടെ പട്ടിക സി.ബി.ഐ, ഇ.ഡി, ഡല്‍ഹി പൊലീസ് കമീഷണര്‍ രാകേഷ് അസ്താന എന്നിവര്‍ക്ക് കൈമാറിയതായി വിശ്വസനീയമായ ഉറവിടങ്ങളിലൂടെ ഞങ്ങള്‍ മനസ്സിലാക്കി’ സിസോദിയ ഡിജിറ്റല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനവും ജനപ്രീതിയും കാരണം ബി.ജെ.പിക്ക് ഭീഷണി ആയവരുടെ പേരാണ് ലിസ്റ്റില്‍ ഉള്ളതെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘അസ്താനയാണ് മോദിയുടെ ബ്രഹ്മാസ്ത്രം. പട്ടികയില്‍ പേരുള്ള ആളുകള്‍ക്കെതിരെ നീങ്ങാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച കാര്യങ്ങളാണിത്. സത്യസന്ധതയുടെ രാഷ്ട്രീയത്തിലാണ് എ.എ.പി വിശ്വസിക്കുന്നത്.
നിങ്ങള്‍ അന്വേഷണ ഏജന്‍സികളെ അയച്ചോളൂ. ഞങ്ങള്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര അന്വേഷണങ്ങളും റെയ്ഡുകളും ചെയ്യുക. ഞങ്ങള്‍ പിന്നോട്ട് പോകില്ല’ സിസോദിയ വ്യക്തമാക്കി.
‘ഞങ്ങള്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കുന്നു. ഇവര്‍ നടത്തിയ കഴിഞ്ഞ റെയ്ഡുകള്‍ക്ക് എന്ത് സംഭവിച്ചു. അതിന്‍െറ ഫലം എന്താണ് എന്റെ വീട് രണ്ടുതവണ റെയ്ഡ് ചെയ്യപ്പെട്ടു.
സത്യേന്ദ്ര ജെയിനെതിരെ 12 കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 21 എഎപി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. പല കേസുകളിലും നിസ്സാര കുറ്റങ്ങള്‍ ചുമത്തിയതിന് ഡല്‍ഹി പൊലീസിനെ കോടതി ശാസിച്ചു’ സിസോദിയ പറഞ്ഞു.
‘പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ആം ആദ്മി ജനപ്രീതി നേടുന്നു. ഈ സംസ്ഥാനങ്ങളില്‍ ചിലത് ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളാണ്. ഇത് ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയോട് ഒരു ന്യായമായ മത്സരത്തില്‍ ഏര്‍പ്പെടാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ ഭയപ്പെടുത്താന്‍ സിബിഐ, ഇ.ഡി, രാകേഷ് അസ്താന എന്നിവരുടെ സഹായം മോദി എത്രനാള്‍ സ്വീകരിക്കും’ അദ്ദേഹം ചോദിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.