തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ നാഷണല്‍ കമ്മിറ്റി നേതൃനിരയിലേക്ക് കൂടുതല്‍ സീനിയര്‍ നേതാക്കള്‍ എത്തുന്നു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റേ നിര്‍ദേശ പ്രകാരമാണ് ഇത്.
വര്‍ഷങ്ങളായി അമേരിക്കയിലെ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്രീയ നേതൃരംഗത്തെ നിറസാന്നിധ്യമായ വ്യക്തിത്വങ്ങളാണ് ഇവര്‍ എന്നതും ശ്രദ്ധേയമാണ്. വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് പ്രവാസി സംഘടനകളെ ഏകോപിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ഒഐസിസി രൂപീകരിക്കുന്നത്. ഇതോടെ എല്ലാ രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമായി മാറാന്‍ ഒഐസിസിയ്ക്ക് കഴിഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും അമേരിക്കയിലും വ്യാപിപ്പിക്കുവാന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നടത്തി വരുന്ന എല്ലാ ശ്രമങ്ങളെയും അനുമോദിക്കുന്നതിനൊപ്പം പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേരുന്നതായും ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.
പുതിയ ഭാരവാഹികള്‍
വൈസ് ചെയര്‍പേഴ്‌സണ്‍സ്: കളത്തില്‍ വര്‍ഗീസ്, ജോബി ജോര്‍ജ്, ഡോ.ചെക്കോട്ട് രാധാകൃഷ്ണന്‍, ഡോ. അനുപം രാധാകൃഷ്ണന്‍
വൈസ് പ്രസിഡന്റുമാര്‍: മാമ്മന്‍ സി.ജേക്കബ്, ഗ്ലാഡ്സണ്‍ വര്‍ഗീസ്.
നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ : ഡോ. സാല്‍ബി ചേന്നോത്ത്(നോര്‍ത്തേണ്‍ റീജിയന്‍ ചെയര്‍മാന്‍), ജോസഫ് ലൂയി ജോര്‍ജ് (ചിക്കാഗോ ചാപ്റ്റര്‍ നിയുക്ത പ്രസിഡന്റ്), രാജന്‍ തോമസ്, വര്‍ഗീസ് ജോസഫ്, രാജു വര്‍ഗീസ്.
കൂടുതല്‍ നേതാക്കള്‍ എത്തുന്നതോടെ അമേരിക്കയിലെ ഏറ്റവും വലിയ പ്രവാസി സംഘടനകളില്‍ ഒന്നായി ഒഐസിസി മാറുമെന്നും നേതാക്കളുടെ മുന്‍ പരിചയം സംഘടനയിലേക്ക് കൂടുതല്‍ അംഗങ്ങളെ എത്തിക്കുമെന്നും യുഎസ് നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ പറഞ്ഞു. പുതിയ ഭാരവാഹികള്‍ക്ക് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ സന്തോഷ് എബ്രഹാം എന്നിവര്‍ ആശംസകള്‍ അറിയിച്ചു