ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റ് അത്ലറ്റിക് കമ്മീഷനില്‍ (എന്‍.വൈ.എസ്.എസി) ക്രിക്കറ്റ് കൂടി ഉള്പ്പെടുതുന്നതുസംബന്ധിച്ച് ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ കെവിന് തോമസ് സ്പോണ്സര് ചെയ്ത ബില്‍ സെനറ്റ് അംഗീകരിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍അമേരിക്കന്‍ സെനറ്ററാണ് കെവിന് തോമസ്.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ കാണുകയും ആരാധിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ കായികവിനോദമായ ക്രിക്കറ്റ്,എന്വൈഎസ്എസിയില് ചേര്‍ക്കുന്നത് കായികരംഗത്തിന് ഗുണം ചെയ്യുകയും ന്യൂയോര്‍ക്കിലുടനീളം നിരവധി ലീഗുകളുടെ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും സഹായകമാവുകയും ചെയ്യുമെന്നതിനാലാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. A.479 / Rozic എന്ന ബില്‍ അസംബ്ലിയില്‍ പാസായതിനെ തുടര്‍ന്ന് ഗവര്‍ണറുടെ മേശയിലേക്ക് കൈമാറി.
സംസ്ഥാനത്തിന്റെ വൈവിധ്യവും ബഹു സാംസ്കാരികതയുമായി ക്രിക്കറ്റ് എന്ന കായികവിനോദം കൈകോര്‍ത്തു നില്ക്കുന്നതായി സെനറ്റര്‍ കെവിന് തോമസ് അഭിപ്രായപ്പെട്ടു. യു.എസില്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക തലസ്ഥാനമെന്ന നിലയിലേക്കുയരാന്‍ ന്യൂയോര്‍ക്കിന് യോഗ്യതയുണ്ടെന്ന വിശ്വാസം കൊണ്ടാണ് ഇങ്ങനൊരു നിയമം അവതരിപ്പിക്കാന്‍ തുനിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേഷ്യന്‍ സമൂഹത്തിലെ നിരവധി അംഗങ്ങള്‍ ഹൃദയത്തോട് ചേര്‍ക്കുന്ന കായിക വിനോദത്തെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അത്ലറ്റിക് കമ്മീഷനില്‍ ഉള്‍ച്ചേര്‍ക്കാന്‍ നിമിത്തമായതിലെ സന്തോഷവും അഭിമാനവും സെനറ്റര്‍ പങ്കുവച്ചു.
ആവേശകരവും ജനപ്രിയവുമായ ക്രിക്കറ്റ് പോലൊരു കായികവിനോദത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ബില്‍ കൊണ്ടുവന്നതില്‍ സെനറ്റര്‍ കെവിന് തോമസിനോടുള്ള നന്ദി ന്യൂയോര്‍ക്ക് സ്റ്റേറ്റ് ക്രിക്കറ്റ് ഡയറക്ടര്‍ അജിത് ഭാസ്കര്‍ അറിയിച്ചു. 1844 ല്‍ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിച്ചത് ന്യൂയോര്‍ക്ക് ആണെന്നതുകൊണ്ടുതന്നെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ന്യൂയോര്‍ക്കിന് അനിഷേധ്യമായ സ്ഥാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.