Friday, April 19, 2024

HomeUS Malayaleeകുടിയേറ്റം നാട്ടില്‍ പ്രേത നഗരങ്ങളുണ്ടാക്കുന്നു: കേരള റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍

കുടിയേറ്റം നാട്ടില്‍ പ്രേത നഗരങ്ങളുണ്ടാക്കുന്നു: കേരള റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍

spot_img
spot_img

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഏപ്രില്‍ മസത്തെ യോഗം ഹൃദയസ്പര്‍ശിയായ ഒരു വിഷയമാണ് ചര്‍ച്ചയ്‌ക്കെടുത്തത്. ഏറെക്കാലമായി പ്രവാസി മലയാളികളും നാട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്ന അവരുടെ മാതാപിതാക്കളും ഭീതിയോടെ അഭിമുഖീകരിക്കുന്ന ‘ഗോസ്റ്റ് ടൗണ്‍ സിന്‍ഡ്രോം’ ആണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ അവസ്ഥ ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

പ്രേത നഗരം എന്ന സൂചനയോടെയുള്ള ബി.ബി.സിയുടെ ഒരു റിപ്പോര്‍ട്ട് 2023 മാര്‍ച്ച് അവസാനം സംപ്രേഷണം ചെയ്തിരുന്നു. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് എന്ന കൊച്ചു പട്ടണം ‘ഗോസ്റ്റ് ടൗണ്‍’ ആയി മാറിയിരിക്കുന്നുവെന്നാണ് ബി.ബി.സി ചൂണ്ടിക്കാട്ടുന്നത്. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള മലയാളികളുടെ കുടിയേറ്റം ചില പ്രദേശങ്ങളെ പ്രായമായവര്‍ മാത്രം താമസിക്കുന്ന പ്രേത നഗരങ്ങളാക്കി മാറ്റിയിരിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം.

ഒരു നാട്ടില്‍ ജനസംഖ്യ കുറഞ്ഞുവരുന്നു. യുവാക്കള്‍ കുറഞ്ഞ് വൃദ്ധര്‍ വര്‍ദ്ധിക്കുന്ന അവസ്ഥ സംജാതമാവുന്നു. ജനസംഖ്യയുടെ കുറവുമൂലം നാട് പതിയെപ്പതിയെ ഇല്ലാതാവുകയാണ്. ഇത്തരത്തിലുള്ള പല സാഹചര്യങ്ങളെയുമാണ് പ്രേത നഗരം എന്ന വാക്ക് സൂചിപ്പിക്കുന്നത്.

കുമ്പനാട്ടെ 11,118 വീടുകളില്‍ ഏകദേശം 15 ശതമാനം പൂട്ടിക്കിടക്കുകയാണെന്നും ഉടമകള്‍ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്നും ബി.ബി.സി പറയുന്നു. വിദേശ രാജ്യങ്ങളിലേക്ക് ആളുകള്‍ കുടിയേറിയ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്ത അവസ്ഥയാണ് കുമ്പനാട്ട് നിലവിലുള്ളത്.

വിദേശ മലയാളികളുടെ നാട്ടിലെ വീടുകള്‍ മിക്കതും ആള്‍ താമസമില്ലാതെ പൂട്ടിക്കിടക്കുകയാണ്. ന്യാമായ വിലയ്ക്ക് ഇവ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടുത്തെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതി അതിന് തടസം നില്‍ക്കുകയാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പുതിയ ജീവിത സാഹചര്യങ്ങള്‍ തേടിയുള്ള മനുഷ്യരുടെ പലായനങ്ങള്‍ക്കും കുടിയേറ്റങ്ങള്‍ക്കും നദീതട സംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട്. അതിന്നും അനസ്യൂതം തുടരുന്നു.

അമേരിക്കയിലെ സവിശേഷമായ ഒരു ഗോസ്റ്റ് ടൗണ്‍ ആണ് ഡിട്രോയിറ്റ് എന്ന് ജോണ്‍ കുന്തറ ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ഉരുക്കിന്റെയും മോട്ടോറിന്റെയും ലോക തലസ്ഥാനമായിരുന്നു ഡിട്രോയിറ്റ് നഗരം. 1970കളില്‍ നിരവധി മലയാളികള്‍ ഡിട്രോയിറ്റിലേയ്ക്ക് ചേക്കേറുകയുണ്ടായി. കാലക്രമേണ അവരൊക്കെ സമ്പന്നരാവുകയും നഗരം ഉപേക്ഷിച്ച് പ്രാന്തപ്രദേശങ്ങളിലേയ്ക്ക് താമസം മാറ്റുകയും ചെയ്തതോടെ ഡിട്രോയിറ്റ് ടൗണ്‍ ആളൊഴിഞ്ഞ അപ്പോര്‍ട്ടുമെന്റുകളുടെയും വീടുകളുടെയും പ്രേത നഗരമായി മാറി.

വിപണി മൂല്യം നഷ്ടപ്പെട്ട ഈ താമയസ്ഥലങ്ങള്‍ പിന്നീട് പുതിയ കുടിയേറ്റക്കാര്‍ക്ക് വലിയ അനുഗ്രഹമായി. എന്നാല്‍ അവരും ധനികരായതോടെ നഗരം വിട്ടുപോയി. അതുകൊണ്ട് കുടിയേറ്റക്കാരായ നമ്മളും ഈ പ്രശ്‌നത്തിന്റെ ഉത്തരവാദികളാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഇതൊരു വിശാലമായ വിഷയമാണെന്നും പലവിധ വീക്ഷണത്തില്‍ ഇതിനെ സമീപിക്കാമെന്നും എ.സി ജോര്‍ജ് പറഞ്ഞു. അതേസമയം നാട്ടില്‍ അനാഥമായിക്കിടക്കുന്ന പ്രവാസി മലയാളികളുടെ വസ്തുവകകള്‍ വില്‍ക്കുന്നതിന് ബന്ധുമിത്രാദികളും അയല്‍ക്കാരുമാണ് പാരവയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രേതബാധയുള്ള വീടാണിതെന്നൊക്കെയുള്ള പ്രചാരണം അവര്‍ നടത്തുമ്പോള്‍ വാങ്ങാന്‍ ആളുണ്ടാവില്ല. അങ്ങനെ തുച്ഛമായ വിലയ്ക്ക് അര്‍ക്കത് കൈക്കലാക്കാം.

ഏകലോക ആശയം ഗോസ്റ്റ് ടൗണ്‍ സിന്‍ഡ്രോമിനൊരു പരിഹാരമാണെന്നാണ് ചെറിയാന്‍ മഠത്തിലേത്തിന്റെ വാദം. എന്നാല്‍ ഇതിനെ ഖണ്ഡിച്ച ജോസഫ് തച്ചാറ ഏകലോക കാഴ്ചപ്പാട് അപകടകരമാണെന്ന് വ്യക്തമാക്കി. ഏകലോകം ഒരു റൊമാന്റിക് ചിന്താഗതിയാണെന്ന വാദവുമുയര്‍ന്നു.

ഡോ. മാത്യു വൈരമണ്‍, ഡോ. സണ്ണി എഴുമറ്റൂര്‍, മോട്ടി മാത്യു, കുര്യന്‍ മ്യാലില്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ സജീവമായി പങ്കുകൊണ്ടു. സസ്തു വിലയുടെ ഏറ്റക്കുറച്ചിലിന് പല കാരണങ്ങളുണ്ട്. അത് ലോക വ്യാപകവുമാണ്. മുതിര്‍ന്നവര്‍ ഭാവി സുരക്ഷയ്ക്കുവേണ്ടിയാണ് പണം സമ്പാദിച്ചു വയ്ക്കുന്നത്. ഏന്നാല്‍ പ്രായമേറുന്നതോടെ ആ സമ്പാദ്യത്തിന്റെ കാര്യം അവര്‍ മറക്കുന്നു. തന്‍മൂലം ആ സമ്പത്ത് സുഷുപ്തിയിലാവുകയും സര്‍ക്കാരിലേയ്ക്ക് പോവുകയും ചെയ്യും.

അങ്ങനെ സംഭവിക്കാതിരിക്കാന്‍ സമ്പന്നരും സഹജീവി സ്‌നേഹവുമുള്ള ആള്‍ക്കാര്‍ തങ്ങളുടെ സ്വത്തു വകകള്‍ നിര്‍ധനരായവര്‍ക്ക് ദാനം ചെയ്യണം. നമ്മുടെ ഇടയില്‍ അത്തരം മാനുഷികവും ജീവകാരുണ്യപരവുമായ മാതൃക കാഴ്ചവച്ചിട്ടുള്ളവരെ കേരള റൈറ്റേഴ്‌സ് ഫോറം അഭിനന്ദിക്കുന്നു.

കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ച യോഗം അന്തരിച്ച പ്രമുഖ നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ന്യൂയോര്‍ക്കിലെ അഗസ്റ്റില്‍ പോള്‍, ഹൂസ്റ്റണിലെ ജോളി ജോര്‍ജ് എന്നിവരുടെ വേര്‍പാടിലും യോഗം ആദരാഞ്ജലികളര്‍പ്പിച്ചു.

റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ പുസ്തകം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അറിയിച്ചു. ജോണ്‍ മാത്യു സാഹിത്യ ചര്‍ച്ചയുടെ മോഡറേറ്ററായി. ഫോറത്തിന്റെ അടുത്ത മീറ്റിങ് മെയ് 28-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി ചെറിയാന്‍ മഠത്തിലേത്ത് നന്ദി പ്രകാശിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments