പി.പി. ചെറിയാന്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ തന്നെ ഏറ്റവും വലിയ റിട്ടെയ്ല്‍ സ്ഥാപനമായ വാള്‍മാര്‍ട്ട് അമേരിക്കയിലെ ജീവനക്കാര്‍ക്കു സൗജന്യ ഫോണ്‍ നല്‍കുമെന്നു ജൂണ്‍ 3 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമ്പനി അധികൃതര്‍ അറിയിച്ചു.അമേരിക്കയില്‍ വാള്‍മാര്‍ട്ടിന് ആകെ 1.6 മില്യണ്‍ ജീവനക്കാരാണുള്ളത്.
ഇതില്‍ പകുതി പേര്‍ക്ക് (740,000) സാംസംഗിന്റെ ഗാലക്‌സി എക്‌സ് കവര്‍ പ്രൊ സ്മാര്‍ട്ട് ഫോണാണു നല്‍കുക. ഇതിന്റെ വില കമ്പനി വെളിപ്പെടുത്തിട്ടില്ലെങ്കിലും മാര്‍ക്കറ്റില്‍ 500 ഡോളറോളമാണ് ഇതിന്റെ വില.
കമ്പനിയുടെ ആപ് ഉപയോഗിച്ചു ഷിഫ്റ്റ്, ക്ലോക്ക് ഇന്‍ ക്ലോക്ക് ഔട്ട് എന്നിവക്കാണ് ഫോണ്‍ ഉപയോഗിക്കുക. മാത്രമല്ല ജീവനക്കാര്‍ തമ്മിലുള്ള വാര്‍ത്താവിനിമയം സുഗമമാക്കുന്നതിനും ഇതുപകരിക്കുമെന്നാണു കമ്പനി അധികൃതര്‍ പറയുന്നത്. ജോലിയിലായിരിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ക്കു മാത്രമേ ഫോണ്‍ ഉപയോഗിക്കാവൂ എന്നും അല്ലാത്ത സമയങ്ങളില്‍ സ്വകാര്യ ആവശ്യത്തിനും ഫോണ്‍ പ്രയോജനപ്പെടുത്താമെന്നും കമ്പനി വക്താവ് അറിയിച്ചു.
ഇപ്പോള്‍ കമ്പനിയില്‍ ഉപയോഗിക്കുന്ന വാക്കി ടോക്കിയുടെ പ്രയോജനം ചിലര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂവെന്നും എന്നാല്‍ ഫോണ്‍ ലഭിക്കുന്നതോടെ പരസ്പര ആശയവിനിമയം എളുപ്പമാകുമെന്നും, ബിസിനസ്സിന്റെ വിജയത്തിന് ഇതേറ്റവും അത്യാന്താപേക്ഷിതവുമാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.