പി പി ചെറിയാന്‍
ഹൂസ്റ്റണ്‍ : ഹോസ്പിറ്റല്‍ പോളിസി ലംഘിച്ചു കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതര്‍ തല്‍ക്കാലം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രി സിഇഒ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രസ്താവനയിറക്കിയത്. മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ശൃംഖലയില്‍ 25000ത്തില്‍ അധികം ജീവനക്കാര്‍ ഉണ്ടെന്നും ഇതില്‍ 24947 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.
178 പേര്‍ പതിനാലു ദിവസത്തിനകം വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 27 ജീവനക്കാര്‍ ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരാണ് അവരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അനുവദിച്ച സമയ പരിധിക്കുള്ളില്‍ ഇവരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ പിരിച്ചു വിടുമെന്നും അധികൃതര്‍ പറഞ്ഞു.
മെത്തഡിസ്റ്റ് ആശുപത്രികളിലെ 285 ജീവനക്കാര്‍ക്ക് മെഡിക്കല്‍, മതപരം തുടങ്ങിയ കാരണങ്ങളാല്‍ വാക്‌സീന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവു നല്‍കിയിട്ടുണ്ട്. അതുപോലെ ഗര്‍ഭണികളായവരും മറ്റു പല കാരണങ്ങളാലും 332 പേര്‍ക്ക് ഒഴിവ് അനുവദിച്ചു.
ആശുപത്രിയിലെ 117 ജീവനക്കാര്‍ ഇതിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. വാക്‌സീന്‍ സ്വീകരിക്കണമെന്ന് നിയമന ഉത്തരവിലുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ വാദം. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു തടയണമെന്നും ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത ലോസ്യൂട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ വാക്‌സീന്‍ നിര്‍ബന്ധമാണെന്ന് സി.ഇ.ഒ മാര്‍ക്ക് ബൂം പറഞ്ഞു.