Thursday, June 30, 2022

HomeUS Malayaleeലോക കേരള സഭ ആര്‍ക്കുവേണ്ടി?

ലോക കേരള സഭ ആര്‍ക്കുവേണ്ടി?

spot_img
spot_img

കുമ്പളത്ത് ശങ്കരപ്പിള്ള
(ഗ്ലോബല്‍ ചെയര്‍മാന്‍, ഒഐസിസി – ഇന്‍കാസ്)

സഭ പിരിഞ്ഞു, ഇനി നമുക്ക് ലാഭനഷ്ടങ്ങളുടെ കണക്ക് പരിശോധിക്കുക തന്നെ വേണം. ലോക കേരള സഭ കൊണ്ട് പ്രവാസിയ്ക്കുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെ? അതോ നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിലെ മറ്റൊരു അധ്യായമോ ഇത്? കഴിഞ്ഞു പോയത് മൂന്നു സഭകളാണ്. ഇനി നമുക്ക് കൃത്യമായി പരിശോധിക്കുക തന്നെ വേണം.

ആശയംകൊണ്ടു നല്ലതും നടത്തിപ്പുകൊണ്ട് പരാജയവുമായി മാറിയ ഒന്നാണ് ലോക കേരള സഭ. ആഗോള മലയാളികളുടെ കൂട്ടായ്മയിലൂടെ പ്രവാസിയ്ക്കും ജന്മനാടിനും നേട്ടമെങ്കില്‍ ആരാണ് ആഹ്ലാദിക്കാതെ പോവുക? എന്നിട്ടും ലോക കേരള സഭ തീര്‍ത്തും പരാജയപ്പെടുന്നത് എവിടെയാണ്?

പ്രവാസിയ്ക്കുള്ള അംഗീകാരം എന്നതിനപ്പുറം ലോക കേരള സഭ പ്രഹസനസഭ മാത്രമാണ്. സ്റ്റേറ്റ് കാറില്‍ സഞ്ചാരവും രാജകീയ സ്വീകരണവും സഭാതളത്തിലെ വേദിയുമൊക്കെ കണ്ട് കണ്ണു മഞ്ഞളിക്കുന്നവരല്ല പ്രവാസികള്‍. നാടുകളേറെ താണ്ടിയവരും പ്രതിസന്ധിയും പ്രകാശവും തൊട്ടറിഞ്ഞവരുമാണ്. ഇവന്റ് മാനേജ്മെന്റ് സംഘടിപ്പിച്ച ഒരു മെഗാഷോയിലെ കഥാപാത്രങ്ങളായി പാവം പ്രവാസികള്‍ മാറുന്നത് അവരെ അവഗണിക്കുന്നതിന് തുല്യമല്ലേ? ലോക കേരള സഭയെ യുഡിഎഫ് വിമര്‍ശിക്കുമ്പോള്‍ അതിനെ എത്ര തന്ത്രപരമായാണ് ഭരണപക്ഷം വഴിതിരിച്ചു വിട്ടത്. ഭക്ഷണം കഴിക്കുന്നതാണ് ധൂര്‍ത്തെന്ന് ആരു പറഞ്ഞു? നല്ല ഭക്ഷണം എല്ലാവര്‍ക്കും ഉണ്ടാകട്ടെ… അതിനുമപ്പുറം ചെലവഴിക്കുന്നത് എത്രയോ ലക്ഷങ്ങളാണ്. മഹാമാരിയുടെ പ്രതിസന്ധികള്‍ ഇപ്പോഴും മാറാത്ത നാടാണ് നമ്മുടേത്. പരസ്യ ഇനത്തിലും നടത്തിപ്പ് ഇനത്തിലും ചെലവിട്ട കണക്ക് എത്രയോ വലുതാണ്.

സര്‍ക്കാരിന്റെ തല്‍പരകക്ഷികളായ ചിലരുടെ ഒരു ഷോയാണ് ഈ സഭ. സാഹചര്യം കിട്ടിയപ്പോഴൊക്കെ അവരത് വിനിയോഗിക്കുകയും ചെയ്തു. ഇത്തരം ചില സ്ഥിരം മുഖങ്ങളെ മാറ്റി നിര്‍ത്താനുള്ള മര്യാദയെങ്കിലും സര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേ? കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് സഭയില്‍ ഇടം നല്‍കണം.

സഭ കഴിയുമ്പോള്‍ പ്രവാസികളും പൊതുജനവും ഉയര്‍ത്തി കാട്ടുന്ന ചില ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഉത്തരങ്ങള്‍ വ്യക്തമല്ല. സഭ കൊണ്ട് പ്രവാസികള്‍ക്കുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെ? എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. മൂന്നു സഭ കഴിഞ്ഞിട്ടും ഇത്തരമൊരു ചോദ്യത്തിന് എന്തുകൊണ്ടാകാം സര്‍ക്കാരിന് കൃത്യമായ മറുപടി ഇല്ലാതെ പോകുന്നത്? ഇതൊരു ആഘോഷവും ആചാരവും മാത്രമായി പോകുമ്പോഴാണ് ചെലവാക്കുന്ന ഓരോ തുകയും ധൂര്‍ത്തെന്ന് ഉന്നയിക്കേണ്ടി വരുന്നത്.

നിയമനിര്‍മാണം നടത്താന്‍ അധികാരമില്ലാത്ത ഈ സഭയെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകുക? ഇതൊരു സെമിനാറിന്റെ സ്വഭാവത്തിലേക്ക് മാത്രമാണ് പോകുന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍, അവസാനിക്കാത്ത പരാതികള്‍, നീണ്ട മൗനം, പിന്നെയും കുറേ ചര്‍ച്ചകള്‍… ഇങ്ങനൊരു സഭ നമുക്ക് എന്തിനാണ്…? കോവിഡാനന്തരം പ്രവാസികളുടെ പുനരധിവാസം നമുക്ക് വലിയൊരു പ്രതിസന്ധിയാണ്. ഈ വിഷയത്തില്‍ ലോക കേരള സഭയില്‍ നേടന്നത് കേവല ചര്‍ച്ചകള്‍ മാത്രമല്ലേ? പ്രവാസി സംരംഭകരായ എത്രപേരെ ഈ നാട്ടിലേക്ക് എത്തിയ്ക്കാന്‍ സഭയിലൂടെ കഴിഞ്ഞു? ചോദ്യങ്ങള്‍ ബാക്കി.

വേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് കേരള സഭയുടെ നടത്തിപ്പ്. കൃത്യമായ പദ്ധതിയോ ആസൂത്രണമോ ഇല്ല. സഭയെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള മര്യാദപോലും സര്‍ക്കാര്‍ കാണിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. പ്രവാസികളെ അപമാനിക്കുന്ന സഭകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments