പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍: പെറ്റ് സ്റ്റോറില്‍ നിന്നും പതിനായിരത്തിലധികം ഡോളര്‍ വിലയുള്ള ഫ്രഞ്ച് ബുള്‍ ഡോഗ് വിഭാഗത്തില്‍പ്പെട്ട പട്ടിക്കുട്ടിയെ മോഷ്ടിച്ച രണ്ടു സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. ജൂലൈ 5 തിങ്കളാഴ്ച ഉച്ചയ്ക്കാണ് പീറ്റ്‌ലാന്റ് വുഡ്‌ലാന്റ്‌സ് പെറ്റ് സ്റ്റോറില്‍ നിന്നും സ്ത്രീകള്‍ പപ്പിയെ മോഷ്ടിച്ചത്.
സ്റ്റോറില്‍ എത്തിയ ഇരുവരും 14 മാസം പ്രായമുള്ള പട്ടിക്കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടു. മാനേജര്‍ കാണിച്ചു കൊടുക്കുന്നതിനിടയില്‍ പട്ടിക്കുട്ടിയെ തട്ടിയെടുത്ത് ഇരുവരും മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ക്രിസ്‌ലര്‍ പിറ്റി ക്രൂസിയറില്‍ രക്ഷപ്പെടുകയായിരുന്നു. നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തതുകൊണ്ടു കാറിന്റെ വിശദവിവരങ്ങള്‍ ലഭിച്ചില്ല.
പൊലിസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെറ്റ് സ്റ്റോറിനു സമീപത്തുള്ള വുഡ്‌ലാന്റ്‌സ് മാളിനു സമീപം നീക്കം ചെയ്ത നമ്പര്‍ പ്ലേറ്റ് വച്ചു പിടിപ്പിക്കുന്നതിനിടയില്‍ ഇരുവരേയും പൊലിസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും പിടിച്ചെടുത്ത പട്ടിക്കുട്ടിയെ സുരക്ഷിതമായി സ്റ്റോറില്‍ കൊണ്ടുവന്നു.
ഇത്തരം കളവു ആദ്യമായാണ് ഇവിടെ നടക്കുന്നതെന്നും പട്ടിക്കുട്ടിയെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മാനേജര്‍ ജോണ്‍സ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത സ്ത്രീകള്‍ക്കെതിരെ പൊലിസ് കേസ്സെടുത്തു. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഫ്രഞ്ച് ബുള്‍ഡോഗിനു മാര്‍ക്കറ്റില്‍ 15000 ഡോളര്‍ വരെ വില ലഭിക്കും.