പി.പി.ചെറിയാന്‍
ഒറിഗണ്‍: ഒറിഗണ്‍ സംസ്ഥാനത്ത് ഡല്‍റ്റാ വേരിയന്റിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഗവര്‍ണ്ണര്‍ കേറ്റ് ബ്രൗണ്‍ പൊതുസ്ഥലങ്ങളിലും മാസ്ക്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ആഗസ്റ്റ് 27 വെള്ളിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
വാക്‌സിനേറ്റ് ചെയ്തവര്‍ക്കും ഇത് ബാധകമാണെന്ന് ആഗസ്‌ററ് 24ന് പുറത്തിറക്കിയ ഗവര്‍ണ്ണറുടെ ഉത്തരവില്‍ ചൂണ്ടികാണിക്കുന്നു. കോവിഡിനെ തടയുന്നതിന് ഏറ്റവും ഫലപ്രദമാര്‍ഗമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതു മാസ്ക്ക് ധരിക്കുകയും, സാമൂഹ്യ അകലം പാലിക്കുകയാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം കോവിഡ് 19 സ്ഥിരീകരിക്കുന്ന രോഗികളേക്കാള്‍ കൂടുതല്‍ സാധ്യത ഇപ്പോള്‍ വ്യാപിച്ചിരിക്കുന്ന ഡല്‍റ്റാ വേരിയന്റിനാണെന്ന് സംസ്ഥാന ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഡീന്‍ സൈസ് ലിന്‍ജര്‍ അഭിപ്രായപ്പെട്ടു. നാസാദ്വാരത്തിലൂടെ എളുപ്പം ഡല്‍റ്റാ വേരിയന്റ് വ്യാപിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
പുറത്ത് മാസ്ക്ക് ധരിക്കണമെന്നതു നിര്‍ബന്ധമാണെങ്കിലും കുടുംബാംഗങ്ങള്‍ ഒത്തു ചേരുമ്പോള്‍ മാസ്ക്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടേയും, ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കയാണെന്നും, മാസ്ക്കും, വാക്‌സിനേഷനും മാത്രമേ ഇതിനൊരു പ്രതിവിധിയുള്ളൂവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
വാക്‌സിനേറ്റ് ചെയ്യാത്തവര്‍ ഉടനെ വാക്‌സിനേറ്റ് ചെയ്യണമെന്നും, അതിനുള്ള എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഗവര്‍ണ്ണര്‍ ബ്രൗണ്‍ പറഞ്ഞു.