അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉള്‍പ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് സ്കൂളുകളിലും ആശുപത്രികളിലും ജോലിചെയ്യുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്!കര്‍ ആണ് ഇതുസംബന്ധിച്ച നിര്‍ദേശം അറിയിച്ചത്.
വര്‍ധിച്ചുവരുന്ന കോവിഡ് ബാധിതരുടെ എണ്ണവും അതിവേഗത്തില്‍ വ്യാപിക്കുന്ന ഡെല്‍റ്റാ വേരിയന്റുമാണ് ഈ നിര്‍ബന്ധിത വാക്‌സിനേഷന്‍ തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചത് എന്ന് അദ്ദേഹം അറിയിച്ചു.
ഈ പുതിയ തീരുമാന പ്രകാരം ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് ആശുപത്രികളിലും നേഴ്‌സിങ്ങ് ഹോമുകളിലും ജോലിചെയ്യുന്നവരെയും സ്കൂളുകളിലും കോളേജുകളിലും ജോലിചെയ്യുന്നവരെയും കോളേജ് വിദ്യാര്‍ത്ഥികളെയും ഈ നിര്‍ബന്ധിത വാക്‌സിനേഷന്‍ തീരുമാനാം ബാധിക്കും. സെപ്റ്റംബര്‍ 5 ഓടെ രണ്ടു ഡോസുകളിലായി കൊടുക്കപെടുന്ന വാക്‌സിന്റെ ആദ്യ ഡോസും 30 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസും സ്വീകരിക്കണം എന്നാണ് പുതിയ നിര്‍ദേശത്തില്‍ അറിയിച്ചിരിക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങളാലോ മതപരമായ കാരണങ്ങളാലോ വാക്‌സിന്‍ സ്വീകരിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് പ്രതിവാര കോവിഡ് ടെസ്റ്റടക്കം കര്‍ശനമായ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ മാസാദ്യം കുക്ക് കൗണ്ടി ബോര്‍ഡ് പ്രസിഡണ്ട് Toni Preckwinkle കുക്ക് കൗണ്ടി ജീവനക്കാര്‍ക്കാരുടെ നിര്‍ബന്ധിത വാക്‌സിനേഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിടുന്നു.
ഒക്ടോബര്‍ പകുതിയോടെ വാക്‌സിന്‍ സ്വീകരിക്കത്തക്ക വിധത്തിലാണ് കൂക്ക് കൗണ്ടി നിര്‍ദേശങ്ങള്‍. ചിക്കാഗോ നഗരത്തിന്റെ ജീവനക്കാര്‍ ഈ ശൈത്യകാലത്തിന് മുന്‍പായി വാക്‌സിനേഷന്‍ സ്വീകരിക്കണം എന്ന നിര്‍ദേശം ചിക്കാഗോ മേയര്‍ ലോറി ലൈറ്റ്ഫൂട്ട് പുറത്തിറക്കിയിട്ടുണ്ട്.
ഇല്ലിനോയി സംസ്ഥാനത്ത് 4127 പുതിയ രോഗബാധിതരാണ് ഓഗസ്റ്റ് 28 ലെ കണക്കനുസരിച്ച് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഏഴുമാസത്തെ കണക്കനുസരിച്ച് ഏറ്റവും വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച 18 പേരുകൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ഇല്ലിനോയി സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരെടെ എണ്ണം 26472 ആയി.
ചിക്കാഗോ നാഗരാധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജാഗ്രതാ ലിസ്റ്റില്‍ Maryland, South Dakota, Nebraska and Colorado സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ 50 ല്‍ 43 സംസ്ഥാനങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പെട്ടുകഴിഞ്ഞു.
ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നല്‍കിയിട്ടുള്ള ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതും രോഗബാധിതരുടെ വര്‍ദ്ധനയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു എന്നാണ് കരുതപ്പെടുന്നത്.