ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓണാഘോഷവും ഡയറക്ടര്‍ ബോര്‍ഡിലേക്ക് പുതിയതായി തെരഞ്ഞെടുത്തവരുടെ സത്യപ്രതിജ്ഞയും വര്‍ണാഭമായി നടന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഹ്യൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് മലയാളമണമുള്ള ഓണാഘോഷവും സദ്യയും ചേര്‍ത്തു കെങ്കേമമായി പരിപാടികള്‍ സംഘടിപ്പിച്ചു.
ഹ്യൂസ്റ്റണില്‍ ബിസിനസ്സ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സും കുടംബാംഗങ്ങളും ഒത്തുകൂടിയായിരുന്നു ഇത്തവണത്തെ ഓണാഘോഷം. ലോകമാകെ ഗ്രസിച്ചിരിക്കുന്ന മഹാമാരിക്കിടയിലും ഇത്തരമൊരു കുടുംബസംഗമം സംഘടിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു കാര്യമായാണ് വിലയിരുത്തപ്പെട്ടത്.
പുതിയ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ഒലിയാംകുന്നേല്‍, ചാക്കോ പി. തോമസ്, മനോജ് പൂപ്പാറയില്‍, മോനി തോമസ്, ബ്രൂസ് കൊളമ്പേല്‍ എന്നിവര്‍ക്ക് പ്രസിഡന്റ് ജിജി ഓലിക്കന്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുന്‍ പ്രസിഡന്റ് ജോര്‍ജ് കോളാച്ചേരില്‍, സണ്ണി കാരിക്കല്‍, ഫിലിപ്പ് കൊച്ചുമ്മന്‍, ബേബി മണക്കുന്നേല്‍ എന്നിവര്‍ പുതിയ അംഗങ്ങള്‍ക്ക് ചേംബറിലേക്ക് അംഗത്വം കൊടുക്കുന്നതിന്റെ ഭാഗമായി പേരെഴുതിയ ബാഡ്ജ് സമ്മാനിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിനസ് രംഗത്തും സാമൂഹികസാംസ്കാരിക മേഖലയിലും സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്.
അത്തരം മുന്നേറ്റങ്ങളില്‍ മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിക്കുന്നുണ്ട്. ജനപങ്കാളിത്തത്തോടെ അമേരിക്കന്‍ മലായാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിനും പ്രത്യേകിച്ച് ബിസിനസ് സമൂഹത്തിന്റെ സര്‍വതോന്മുഖമായ വികസനം ലക്ഷ്യം വച്ച് അവരെ എല്ലാം കരുത്തരാക്കുന്നതിന് വേണ്ടി നിലകൊളളുകയും ചെയ്ത പ്രസ്ഥാനമാണിത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ സാന്നിദ്ധ്യം സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് കാഴ്ചവയ്ക്കുന്നു.
ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന്റെ ചടുലമായ വളര്‍ച്ചയ്ക്ക് ആത്മവിശ്വാസം പകരുക എന്ന ബോധത്തോടെ രൂപീകരിക്കപ്പെട്ട ചേംബര്‍ വിവിധ മേഖലകളില്‍ അതിന്റെ സേവനം വ്യാപിപ്പിച്ചും യുവ സംരംഭകര്‍ക്കും വനിതാ സംരംഭകര്‍ക്കും ഒപ്പം സാമ്പത്തികമായ മാന്ദ്യം അനുഭവിക്കുന്ന ബിസിനസുകാര്‍ക്കും ആശ്വാസ ഹസ്തവുമായും ജൈത്രയാത്ര തുടരുകയാണ്.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സഖറിയ കോശി, ജിജു കുളങ്ങര, സാം സുരേന്ദ്രന്‍, ബേബി മണക്കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.