പന്തളം ബിജു തോമസ്
ഈയടുത്ത കാലത്തു അമേരിക്കയിലെ ഒരു പ്രമുഖ മലയാളീ സംഘടനയുടെ നേതാക്കള്‍ക്കെതിരെ ഉണ്ടായ ലൈംഗീകാരോപണത്തിന്റെ അടിസ്ഥാനത്തില്‍ മലയാളിസ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (എം സ് ജെ) എന്ന സംഘടനയുടെ നേത്രത്വത്തില്‍ നടത്തിയ ചര്‍ച്ച വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. അമേരിക്കന്‍ മലയാളികളുടെ രണ്ടാം തലമുറയിലെ ഒരു പറ്റം ആളുകളുടെ കൂട്ടായ്മയാണ് പ്രസ്തുത സംഘടന.
ഒരു ദേശീയ സംഘടനയില്‍ രണ്ടാം തലമുറയില്‍പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് സംഭവിച്ച ഈ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനാ പ്രവര്‍ത്തകര്‍ നിരുത്തരവാദിത്വപരമായ സമീപനങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍ രണ്ടാം തലമുറയില്‍പെട്ടവര്‍ ഇതിനെ അപലപിക്കാനും ശക്തമായ മാറ്റങ്ങള്‍ വേണമെന്ന് വാദിക്കുകയും ചെയ്യുന്നത് ഈ രംഗത്തെ ഒന്നാം തലമുറയുടെ അപക്വമായ സമീപനരീതിയില്‍ മാറ്റം വരുത്തേണ്ട സമയം ആയി എന്നതിന്റെ തെളിവാണ്. ഇക്കഴിഞയാഴ്ച്ച ഇന്‍സ്റ്റാഗ്രാം ലൈവ് വഴിയാണ് ഈ ചര്‍ച്ച നടത്തിയത്. റബേക്ക ലോവേറ്റ്, ഷാജന് കുര്യാക്കോസ്, സിന്ധു തോമസ് ജോര്‍ജ്, ജ്യോതിസ് ജെയിംസ് എന്നിവര്‍ നയിച്ച ചര്‍ച്ചയില്‍ നൂറില്‍ പരം യുവതീ യുവാക്കള്‍ പങ്കെടുത്തു.
ലൈംഗീക പീഡനവും, ലൈംഗീകമായ അധിക്ഷേപങ്ങളും രണ്ടാണെന്നും ഓരോന്നിന്റെയും അതിന്റേതായ ശരിയായ അര്‍ഥത്തില്‍ കാണേണ്ടതാണെന്ന് ചര്‍ച്ചയുടെ തുടക്കത്തില്‍ ജ്യോതിസ് അഭിപ്രായപ്പെട്ടു. സാധാരണ ഇന്ത്യന്‍ സിനിമകളില്‍ കാണുന്നതുപോലെ സ്ത്രീകളെ കളിയാക്കാനും അശ്ലീലച്ചുവയോടെ സംസാരിക്കാനും എവിടെയായാലും സാധിക്കും എന്നു ധരിച്ചാല്‍ അമേരിക്കയില്‍ ഇതിനെതിരെ വ്യക്തമായ നിയമങ്ങള്‍ ഉണ്ടെന്നും നിയമം ലംഘിക്കുന്നവര്‍ നിയമത്തിനു മുന്നില്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വലിയ പൈതൃകം ഉണ്ടെന്നു അവകാശപ്പെടുന്ന നമ്മള് ഇത്തരത്തിലുള്ള പ്രവര്‍ത്തികളിലൂടെ അതു നശിപ്പിക്കുകയാണെന്നും പുരുഷകേന്ദ്രീക്രതമായ ഒരു സമൂഹത്തിന്റെ ബാലഹീനതയാണ് ഉത്തരം പ്രവര്‍ത്തികള്‍ എന്നും അഭിപ്രായപ്പെട്ടു. ഇത്തരം ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നു എന്ന വിവരം പുറത്തുവന്നപ്പോള്‍ പല സ്ത്രീകളും വിളിച്ചു അവരുടെ സ്വന്തം അനുഭവം വിവരിച്ച സംഭവം ആണ് ഷാജന് പങ്കുവച്ചത് . ഒരാള്‍ കുട്ടിയായിരുന്നപ്പോള്‍ മുതിര്‍ന്ന ഒരാളില്‍ നിന്നും ഉണ്ടായ മോശമായ ഒരു അനുഭവം വിവരിക്കുകയുണ്ടായി.
മലയാളീ സംഘടനയില്‍ ഒരാള്‍ക്ക് മോശം അനുഭവം ഉണ്ടായപ്പോള്‍ സംഘടനയില്‍ ഉള്ളവര്ത്തന്നേ ഇങ്ങനെയുള്ള പ്രവണതകളെ എതിര്‍ക്കേണ്ടതാണ്. പ്രസ്തുത സംഘടനയിലുള്ള ജുഡീഷ്യറി, കമ്പ്ലൈന്‍സ്, അഡ്വൈസറി മുതലായ കമ്മിറ്റികള്‍ ഉണ്ടായിട്ടും അവരുടെ നിരുത്തരവാദിത്വപരമായ പ്രതികരണങ്ങള്‍ വളരെയധികം ആശ്ചര്യപ്പെടുത്തുന്നതാണ് എന്നു ഷാജന് പറഞ്ഞു. സംഘടനയിലെ സ്ത്രീ സമാജം ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ആരോപണവിധേയരായ ആളുകളോട് ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിനാല്‍ അവര്‍ മൗനം നടിക്കുന്നതായി ചിലര്‍ പറഞ്ഞു എന്നും ഷാജന് കൂട്ടിച്ചേര്‍ത്തു.
സംഘടനാ നേതൃത്വത്തിന്റെ മോശമായ പ്രതികരണത്തെക്കുറിച്ചും കാര്യങ്ങള്‍ നേരെപറയുന്ന സ്ത്രീകളെ കുറ്റക്കാരാക്കി ചിത്രീകരിക്കുന്ന പ്രവര്‍ത്തികള്‍ വളരെയധികം തരം താണ പ്രവണതയാണന്നു റബേക്ക പറഞ്ഞു. സംഘടനകളില്‍ കൂടുതലും പുരുഷാധിപത്യം നിലനില്ക്കുന്നു എന്നുള്ളത് വ്യക്തമാണ്. പുരുഷാധിപത്യം നിലനില്‍ക്കുന്ന ഒരു സംസ്കാരത്തില്‍ നിന്നും വരുന്ന ഒരു സമൂഹത്തിനു അമേരിക്കയില്‍ വരുമ്പോള്‍ ഈ ആധിപത്യം നിലനിര്‍ത്താനുള്ള ഒരു വഴിയായി സംഘടനാപ്രവര്‍ത്തനത്തെ കാണുമ്പോള്‍ ആണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
എല്ലാ ആളുകളും അങ്ങനെയല്ല പക്ഷെ ഭൂരിപക്ഷം ആളുകളും ഈ ചട്ടക്കൂടില്‍ നിന്നു പുറത്തു വരാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. സിന്ധുവിന്റെ അഭിപ്രായത്തില്‍ സ്ത്രീകളുടെ തൊഴില്‍ കുടുംബത്തിലെ പ്രധാന വരുമാനമാര്‍ഗം ആകുമ്പോള്‍ കുടുംബത്തില്‍ വിലയില്ലാതാകുന്നു എന്ന തോന്നലുകളും പുരുഷന്മാര്ക്ക് ആലോസരങ്ങള്‍ ഉണ്ടാക്കുന്നു. സ്ത്രീകളെ അടക്കിനിര്‍ത്തേണ്ട ഒരു ഉപഭോഗ വസ്തുവായി പൊതുവെ പുരുഷന്മാര് ഇതിനെ കാണുന്നു. സ്വന്തം കഴിവ് കേടുകള്‍ക്ക് മറയിടുവാന്‍ ഇത്തരക്കാര്‍ സംഘടനകളെ കൂട്ടുപിടിക്കുന്നു. ഇത് സമൂഹത്തിനും, നമ്മുടെ സംസ്കാരത്തിനും നിരക്കാത്ത പ്രവണതയാണ്.
തെറ്റു ചെയ്തവര്‍ മാറി നിക്കണം എന്ന പൊതു അഭിപ്രായം ആണ് പൊതുവെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. ആക്രമണത്തിനു വിധേയയായ പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്നു ആക്രമിക്കുന്നത് ഒരിക്കലും ക്ഷമിക്കാനാവാത്ത ഒരു കുറ്റക്രത്യം ആണെന്നും വിലയിരുത്തുകയും ചെയ്തു. അമേരിക്കയിലെ നിയമവ്യവസ്ഥയുടെ മുന്നില്‍ ഇങ്ങനെയുള്ള പ്രവണതകള്‍ കൊണ്ടുവരണം എന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. സംരക്ഷിക്കപെടേണ്ടത് നല്ല ആള്‍ക്കാരും നല്ല കാര്യങ്ങളും മാത്രം മറിച്ചായാല്‍ സംഘടനക്കും സമൂഹത്തിനും ഒരുപോലെ മാനക്കെടുണ്ടാക്കും.
ഇത്തരുണത്തില്‍ ലൈംഗീകക്രമണത്തിന് വിധേയരായവര്‍ ധൈര്യമായി മുന്നോട്ടു വരണമെന്നും ചര്‍ച്ച നയിച്ചവര്‍ ആഹ്വാനം ചെയ്തു. പുതിയ തലമുറയുടെ ആശങ്കകള്‍ പങ്കുവക്കുന്നതോടൊപ്പം പഴയ തലമുറയുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നും ശക്തമായി പ്രതിപാദിക്കുകയുമുണ്ടായി. കഌസ് ആക്ഷന്‍ ലോ സ്യൂട്ട് പോലെയുള്ള നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
പന്തളം ബിജു എന്ന ഈ വാർത്ത എഴുതിയ മച്ചമ്പി പിന്നിൽ നിന്നും “പരാതിക്കാരി” യെ കൊണ്ട് കളിപ്പിച്ച ഒരു പൊറാട്ടു നാടകം ആയിരുന്നു ഈ ആരോപണങ്ങൾ എന്നത് അറിയാത്തവർ ആരാണുള്ളത്?.കേരള പൊലീസിലെ ആംഡ് പോലീസ് ക്യാമ്പിലെ ഒരു പാറാവു ജോലിക്കാരൻ ആയിരുന്നു ഈ പന്തളം ബിജു,എന്നിട്ടു ഇവിടെ പറഞ്ഞു നടക്കുന്നതോ ഞാൻ എസ് ഐ ആയിരുന്നു എന്ന്. ഈ വിദ്വാൻ വേറൊരു “ഡോക്ടർ ” മോൾസൻ മാവുങ്കൽ.അത്രേള്ളൂ
ലേഖകൻ പറയാതെ പറഞ്ഞ സംഘടനയിൽ എത്രയും കാലം പല അഭ്യാസങ്ങളും പാരപ്പണികളും കാണിച്ചിട്ടും ഒന്നും ആകാൻ പറ്റാത്തതിന്റെ കലിപ്പ് നല്ല രീതിയിൽ തന്നെ എഴുതി പിടിപ്പിക്കാൻ കഴിഞ്ഞു അദ്ദേഹത്തിന്
എന്തായാലും ഇത്രയും വർഷം കടുത്ത പീഡനം ഏറ്റു വാങ്ങി ആ സംഘടനയിൽ നിന്ന പരാതിക്കാരിയെ അഭിനന്ദിക്കാതെ വയ്യ. അമേരിക്കയിൽ ഇതുവരെയും പോലീസും പട്ടാളവും ഒന്നും ഇല്ലായിരുന്നോ മിസ്റ്റർ ബിജു പന്തളം?വാർത്ത വായിച്ചാൽ ഒരിക്കലും മനസ്സിലാകില്ല ഈ കേസിന്റെ പിറകിലും വാർത്തയുടെ പിറകിലും ബിജു തോമസ് എന്ന പന്തളം ആണെന്ന്