ലൂക്കോസ് പാറേട്ട്, പ്രസിഡന്റ്
അയഞ്ഞ ശിരോവസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് ടെഹ്‌റാനിലെ സദാചാര പോലീസ് അറസ്റ്റ് ചെയ്ത്, കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി വധിക്കപ്പെട്ട മെഹ്‌സാ അമിനിയെന്ന കുര്‍ദിഷ് യുവതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഒരു മാസത്തോളമായി ഇറാനിലെ സ്ത്രീകളും മനുഷ്യാവകാശ പ്രവര്‍ത്തകരും തുടരുന്ന പ്രക്ഷോഭങ്ങള്‍ക്ക് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
ഒക്‌ടോബര്‍ 19-ന് ഗ്ലെന്‍വ്യൂവില്‍ ചേര്‍ന്ന സംഘടനയുടെ വിശേഷാല്‍ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ശിരോവസ്ത്രം പരസ്യമായി തീയിലിട്ട് കത്തിച്ച് പ്രതിഷേധിക്കുന്ന ഇറാന്‍ സ്ത്രീകളുടെ പോരാട്ടത്തെ അടിച്ചമര്‍ത്തുന്ന യാഥാസ്ഥിതിക ഭരണകൂട ഭീകരതയ്ക്ക് ഇരയായി മുപ്പതോളം വനിതകള്‍ വധിക്കപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, ആയിരത്തിലധികം വ്യക്തികള്‍ ഇതുവരെ ജയില്‍ അടയ്ക്കപ്പെടുകയും ചെയ്തു.
ഇറാന്‍ ഭരണകൂടത്തിന്റെ കിരാത നടപടികളെ ഐക്യരാഷ്ട്ര സഭയ്‌ക്കൊപ്പം അമേരിക്ക, കാനഡ മുതലായ രാജ്യങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിക്കുകയും, ഉപരോധം ഏര്‍പ്പെടുത്തുകയുമുണ്ടായെന്നത് സ്വാഗതാര്‍ഹമാണ്. ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങളും ഇറാനിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകവഴി മാത്രമേ അടിച്ചമര്‍ത്തല്‍ നടപടികളില്‍ നിന്ന് അവിടുത്തെ തീവ്ര ഭരണകൂടത്തെ പിന്തിരിപ്പിക്കാന്‍ കഴിയൂ.
ഒരു കുട്ടിയും ഈ ലോകത്ത് പിറന്നുവീഴുന്നത് സ്വന്തം താത്പര്യപ്രകാരമല്ല. അതിനാല്‍ തന്നെ, അവരുടെ ആരോഗ്യത്തിനും, വ്യക്തിവികാസത്തിനും, സ്വാതന്ത്ര്യത്തിനും ഉതകുന്ന അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുകയെന്നത് മാതാപിതാക്കളുടേയും, സമൂഹത്തിന്റേയും കടമയ്‌ക്കൊപ്പം, ദേശത്തിന്റെ കൂടെയാണെന്നത് കാനാ ഉറച്ചു വിശ്വസിക്കുന്നു. ഏതെങ്കിലും ദേശത്തിലോ, സമൂഹത്തിലോ അവ നിഷേധിക്കപ്പെടുമ്പോള്‍ പീഡനം അനുഭവിക്കുന്ന അവിടുത്തെ ജനതയ്‌ക്കൊപ്പം അണിനിരക്കുവാന്‍, അവര്‍ക്ക് അനുകൂലമായി ഒരു ആഗോള പൗരവികാരം ഉണര്‍ത്തുവാന്‍ നാം എല്ലാവരും കടപ്പെട്ടിരിക്കുന്നു.
പ്രത്യുത ഇത്തരം ധ്വംസനങ്ങള്‍ ഇതര ദേശങ്ങളിലേക്കും, സമൂഹങ്ങളിലേക്കും വ്യാപിക്കപ്പെടും. ആയതിനാല്‍ മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമായി ജീവന്‍ ത്യജിച്ചും ക്രൂരതകളേറ്റും പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന ഇറാനിലെ സഹോദരിമാര്‍ക്കും ജനതയ്ക്കുമൊപ്പം അണിനിരക്കുവാനും, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അമേരിക്കയിലെ എല്ലാ പുരോഗമന സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, തൊഴിലധിഷ്ഠിത മലയാളി സംഘടനകളോടും, കൂട്ടായ്മകളോടും കാനാ വിനീതമായി അഭ്യര്‍ഥിക്കുന്നു.