Monday, November 28, 2022

HomeUS Malayaleeപ്രൗഢഗംഭീരമായ ചടങ്ങിൽ കേരള സെന്റർ 2022 - ലെ അവാർഡുകൾ സമ്മാനിച്ചു

പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള സെന്റർ 2022 – ലെ അവാർഡുകൾ സമ്മാനിച്ചു

spot_img
spot_img

ന്യൂയോർക്ക്‌ കേരള സെന്ററിന്റെ 30–ാമത് അവാർഡ് ദാന ചടങ്ങ് പ്രൗഢ ഗംഭീരമായി. ഒക്ടോബർ 22 വൈകുന്നേരം എല്‍മണ്ടിലെ സെന്റർ ആസ്ഥാനത്തായിരുന്നു അവാർഡ് ദാന ചടങ്ങ്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരും നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരുമായ ആറു പേര്‍ക്കാണ് അവാർഡ് നൽകിയത്.

മലയാള മാധ്യമ രംഗത്തെ സംഭാവനകൾക്ക് കേരള എക്സ്പ്രസ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ജോസ് കണിയാലി, പബ്ലിക് സർവീസിന് പോലീസ് ഓഫീസറും അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLU) – എന്ന സംഘടനയുടെ പ്രസിഡന്റും ആയ തോമസ് ജോയി, പെർഫോമിംഗ് ആർട്സി ൽ ന്യൂജേഴ്‌സിയിലെ മയൂര സ്കൂൾ ഓഫ് ആർട്സ്‌ – ആർട്ടിസ്റ്റിക് ഡയറക്ടർ ബിന്ദിയ ശബരിനാധ്, പ്രവാസി മലയാള സാഹിത്യ രംഗത്തെ സംഭാവനക്ക് പി. റ്റി. പൗലോസ് എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. ബിസിനസ് രംഗത്തെ നേട്ടത്തിന് തെരഞ്ഞെടുക്കപ്പെട്ട NeST Group – ന്റെ ഫൗണ്ടറും ചെയർമാനുമായ ഡോ. ജവാഡ് ഹസ്സനും ശാസ്ത്ര രംഗത്തെ സംഭാവനക്ക് തെരഞ്ഞെടുക്കപ്പെട്ട MIT -യിലെ ഡോ. സിൽവെസ്റ്റർ നൊറൻഹക്കും ചില പ്രത്യേക കാരണങ്ങളാൽ അവാർഡുകൾ ഏറ്റുവാങ്ങുന്നതിന് വരുവാൻ സാധിച്ചില്ല.

റിയ കൂട്ടുങ്കലിന്റെയും ബിൻസി ചെരിപുറത്തിന്റെയും അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനാലപത്തോടെ പുരസ്‌കാര ചടങ്ങിന്റെ തിരശീല ഉയർന്നു. പ്രസിഡന്റ് അലക്സ് എസ്തപ്പാൻ സെന്ററിന്റെ പ്രവർത്തങ്ങളും ലക്ഷ്യങ്ങളും ഹൃസ്വമായി വിവരിച്ചുകൊണ്ട് അവാർഡ്ദാന ചടങ്ങ് ധന്യമാക്കാൻ സന്നിഹിതരായ സഹൃദയരായ എല്ലാവരെയും സ്വാഗതം ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ മനീഷ് കുൽഹാരി മുഖ്യാതിഥിയായിരുന്നു. ന്യൂയോർക് സെനറ്റർമാരായ കെവിൻ തോമസും അന്നാ കപ്ലാനും അവാർഡ് ജേതാക്കൾക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

രാജസ്ഥാനിലെ തന്റെ സ്കൂൾ അദ്ധ്യാപകർ മലയാളികളായിരുവെന്നും അങ്ങനെ കേരളീയരുമായി ചെറുപ്പം മുതൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. തങ്ങളുടെ പ്രവർത്തന മേഖലകളിൽ ഉയർന്ന നിലയിൽ എത്തിയവരും സമൂഹ നന്മക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവരുമായ മലയാളികളെ ആദരിക്കുന്ന കേരള സെന്ററിന്റെ പ്രവർത്തങ്ങളെ അദ്ദേഹം അഭിന്ദിച്ചു. കേരള സെന്റർ ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം മുഖ്യാതിഥിയെ പരിചയപ്പെടുത്തുകയും കേരള സെന്റർ ആരംഭത്തെപ്പറ്റിയും അത് കടന്നുപോയ നാളുകളെപ്പറ്റിയുമൊക്കെ വിവരിക്കുകയും ചെയ്തു.

അവാർഡ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും ചെയർമാനായ ഡോ. മധു ഭാസ്‌ക്കരൻ കേരള സെന്റർ അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്ന റിവ്യൂ പ്രോസസ്സിനെ വിവരിച്ച് സംസാരിച്ചു.

മലയാള മാധ്യമ രംഗത്തെ സംഭാവനകൾക്ക് ആദരിക്കപ്പെട്ട ജോസ് കണിയാലി 1992 – മുതൽ ചിക്കാഗോയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള എക്സ്പ്രസ്സ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും പാർട്ണറും ആണ്. അമേരിക്കയിലെ സംഘടനകളും നേതാക്കന്മാരും അമേരിക്കയിലെ മാധ്യമ പ്രവർത്തകരെ അവഗണിക്കുന്നത് നല്ല ഒരു പ്രവണതയല്ല എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. കേരള സെന്ററിന്റെ യുവജന പ്രതിനിധി ക്രിസ്റ്റി ജോസാണ് കണിയാലിയെ പരിചയപ്പെടുത്തിയത്. ഇന്ത്യൻ കോൺസൽ മനീഷ് കുൽഹാരി അവാർഡ് സമ്മാനിച്ചു

കമ്മ്യൂണിറ്റി സർവീസിന് അവാർഡ് നൽകി ആദരിച്ച തോമസ് ജോയി പോലീസ് ഓഫീസറും അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) എന്ന മലയാളി നിയമ പാലകരുടെ സംഘടനയുടെ പ്രസിഡന്റും ആണ്. സാമൂഹ്യ സേവന രംഗത്തേക്ക് കൂടുതൽ യുവജനങ്ങൾ കടന്നു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരള സെന്ററിന്റെ യുവജന പ്രതിനിധി സാമുവൽ ജോസഫ് ഓഫീസർ ജോയിയെ പരിചയപ്പെടുത്തി. സെനറ്റർ കെവിൻ തോമസ് അവാർഡ് സമ്മാനിച്ചു.

പെർഫോമിംഗ് ആർട്സിൽ അവാർഡ് നൽകി ആദരിച്ചത് ന്യൂജേഴ്‌സിയിലെ മയൂര സ്കൂൾ ഓഫ് ആർട്സിലെ ബിന്ദിയ ശബരിനാഥാണ്. ദൈവം ജന്മ സിദ്ധമായി തനിക്കു നൽകിയ കല ആയിരത്തിൽ കൂടുതൽ കുട്ടികൾക്ക് ഇതിനോടകം പകർന്നു നൽകുവാൻ സാധിച്ചത് ഒരനുഗ്രഹമായി കരുതുന്നുവെന്ന് അവർ തന്റെ നന്ദി പ്രകാശനത്തിൽ പറഞ്ഞു. കേരള സെന്റർ യുവജന പ്രതിനിധി ആനി എസ്തപ്പാൻ ബിന്ദിയയെ പരിചയപ്പെടുത്തി. ട്രസ്റ്റി ബോർഡ് മെമ്പർ ജി. മത്തായി അവാർഡ് സമ്മാനിച്ചു.

പ്രവാസി മലയാള സാഹിത്യ രംഗത്തെ സംഭാവനക്ക് ആദരിക്കപ്പെട്ടത് പി. റ്റി. പൗലോസാണ്. അദ്ദേഹത്തിന്റ പ്രസ്സംഗം പ്രൗഢ ഗംഭീരമായിരുന്നു. അവാർഡുകൾ കിട്ടുന്നത് മധുരമുള്ളതാണെന്നും അത് മതേതരവും സമഭാവനയോടും കൂടിയ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന കേരള സെന്ററിൽ നിന്നാകുമ്പോൾ അത് കൂടുതൽ മധുരമുള്ളതാകുമെന്നും അദ്ദേഹം തൻറെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. കേരള സെന്റർ യുവജന പ്രതിനിധി ജെയിംസ് തോമസ് ശ്രീ പൗലോസിനെ പരിചയപ്പെടുത്തി. പ്രവാസ മലയാളി ലോകത്തെ സാഹിത്യ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ കാരണവരായ ജെ. മാത്യൂസ് അവാർഡ് സമ്മാനിച്ചു. അവാർഡ് സ്വീകരിച്ചവരെ അനുമോദിച്ചു കൈരളി ടീവി യുഎസ്എ ഡയറക്ടർജോസ് കാടാപുറം സംസാരിച്ചു.

ഈ അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി അംഗങ്ങളായ രാജു തോമസ് എബ്രഹാം തോമസ് എന്നിവർ ഡോ. തെരേസ ആന്റണിക്ക് ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

അവാർഡ് ഡിന്നറിന്റെ ചെയർമാൻ ജെയിംസ് തോട്ടം ആയിരുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങങ്ങളായ എബ്രഹാം തോമസ്, മാത്യു വാഴപ്പള്ളി, ജോൺ പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി. ചടങ്ങിന്റെ എംസിയായിരുന്ന ഡയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ ഈ പരിപാടിയെ ഹൃദയ സ്പർശിയായ ഒരനുഭവമാക്കി. ബിൻസി ചെരിപുറത്തിന്റെ മധുരമായ ഗാനങ്ങളും മയൂര സ്കൂൾ ഓഫ് ആർട്സിലെ കലാകാരി മായാദേവിയുടെ നൃത്തച്ചുവടുകളും ബീനയുടെ ബ്രസീലിയൻ ഡാൻസും അവാർഡ് ചടങ്ങിന് വർണ്ണപ്പകിട്ടേകി. സെക്രട്ടറി ജിമ്മി ജോൺ വിശിഷ്ട്ട വ്യക്തികൾക്കും സദസ്യർക്കും ഈ പരിപാടി വിജയിപ്പിക്കുവാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി 2022 ലെ അവാർഡ് ദാന ചടങ്ങിന് തിരശീല വീണു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments