Saturday, April 20, 2024

HomeUS Malayaleeസമാദരണീയനായ ജോസഫ് നെയ്‌ച്ചേരില്‍: നിയോഗം പൂര്‍ത്തിയാക്കിയ കാരണവര്‍

സമാദരണീയനായ ജോസഫ് നെയ്‌ച്ചേരില്‍: നിയോഗം പൂര്‍ത്തിയാക്കിയ കാരണവര്‍

spot_img
spot_img

അനില്‍ ആറന്‍മുള

സഫലമായ ജീവിത നിയോഗം പൂര്‍ത്തിയാക്കി വിടപറഞ്ഞ ജോസഫ് നെയ്‌ച്ചേരില്‍ (97) എന്ന കാരണവര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയാണ്. കോട്ടയം ജില്ലയില്‍ കുമരകം നെയ്‌ച്ചേരില്‍ കുടുംബത്തില്‍ 1925-ല്‍ സൈമണ്‍-മറിയാമ്മ (കണാരപ്പള്ളില്‍-കൈപ്പുഴ) ദമ്പതികളുടെ ഏഴു മക്കളില്‍ രണ്ടാമനായാണ് അദ്ദേഹത്തിന്റെ ജനനം.

പരേതനായ എന്‍.സി കുര്യാക്കോസ്, പരേതനായ റവ. ഫാ. മാത്യു നടുവിലപ്പറമ്പില്‍ പരേതനായ ജെമ്മാക്കുട്ടി-ഏബ്രഹാം പടിഞ്ഞാറേപ്പുരയ്ക്കല്‍, ജെയിംസ് നെയ്‌ച്ചേരില്‍ (സിയാറ്റില്‍) അന്നമ്മ ജെയിംസ് പന്നിവേലില്‍, മേരിക്കുട്ടി സൈമണ്‍ പച്ചിക്കര എന്നിവര്‍ സഹോദരങ്ങളാണ്. ദിവംഗതരായ റവ. ഫാ. ലൂക്കോസ് നടുവിലപ്പറമ്പില്‍ പിതൃസഹോദരനും, മോണ്‍സിണോര്‍ ജോസഫ് കണാരപ്പള്ളില്‍ മാതൃസഹോദരനുമാണ്.

കോട്ടയം സേക്രഡ് ഹാര്‍ട്ട് ഹൈസ്‌ക്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവുംപാളയം കോട്ട് സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നും ബിരുദപഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുവനന്തപുരം ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്. ബിരുദവും കരസ്ഥമാക്കി. നെയ്‌ച്ചേരില്‍ കുടുംബത്തിലെ ആദ്യത്തെ ബിരുദധാരി എന്ന വിശേഷണവും അന്നുമുതലേ ജോസഫ് നെയ്‌ച്ചേരിയുടെ പേരിനൊപ്പം കൂട്ടിവായിക്കപ്പെട്ടിരുന്നു.

1952ലാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അദ്ദേഹത്തിന്റെ അധ്യാപനജീവിതത്തിന് തുടക്കം കുറിക്കുന്നത്. രണ്ടു ഭൂഖണ്ഡങ്ങളിലായി മൂന്നു രാജ്യങ്ങളില്‍ അധ്യാപകവൃത്തിയില്‍ അദ്ദേഹം വ്യാപൃതനായി. എത്യോപ്യയിലെ ‘എന്‍ഡിബെര്‍’ എന്ന കൊച്ചു ഗ്രാമത്തിലാണ് അധ്യാപകനായുള്ള തുടക്കം. പിന്നീട് എത്യോപ്യയുടെ തലസ്ഥാനമായ ‘ആഡിസ് അബാബ’യിലേക്കു സ്ഥലം മാറിയ അദ്ദേഹം 1966 വരെ അവിടെ തുടര്‍ന്നു. പിന്നീട് സാംബിയയിലേക്ക് കുടിയേറിയ ജോസഫും കുടുംബവും മസാബുക, ലുസാക്ക എന്നീ സ്ഥലങ്ങളലായി തന്റെ കര്‍മ്മ ജീവിതം തുടര്‍ന്നു.

1981-ല്‍ കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം പിന്നീടുള്ള ജീവിതം അവിടെയും അധ്യാപകനായി തുടര്‍ന്നു. ടെക്‌സാസിലെ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ജോസഫ് 90 വയസ്സുവരെ അധ്യാപകനായി തുടര്‍ന്നു എന്നത് അധ്യാപനം എന്ന ഏറ്റവും ശ്രേഷ്ഠമായ തൊഴിലിനോട് അദ്ദേഹത്തിനുണ്ടായിരുന്ന അര്‍പ്പണ മനോഭാവം ഒന്നുകൊണ്ട് മാത്രമാണ്.

1954 ജനുവരി 10-നാണ് ജോസഫൈന്‍ ആലപ്പാട്ടിനെ വിവാഹം കഴിച്ചത്. അക്കാലത്ത് ഏറെ അറിയപ്പെട്ടിരുന്ന ‘ആഫ്രിക്കാ കുര്യന്റെ’ മകളായിരുന്ന ജോസഫൈനെ അദ്ദേഹം ജോ എന്നായിരുന്നു സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. കഴിഞ്ഞ എഴുപതു വര്‍ഷക്കാലമായി ഏറെ സന്തോഷത്തോടെ ആ ദാമ്പത്യ ജീവിതം തുടര്‍ന്നു. ആ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞത് നാലു മക്കളാണ്. മേരി ആന്‍ (ടോണി) ധിര്‍, സൈമണ്‍ (ഷാരണി), സിറിള്‍ (നിക്കി), ഫ്രാങ്ക് (ബെറ്റ്‌സി) എന്നിവരാണ് മക്കള്‍. കൂടാതെ ഏഴു കൊച്ചുമക്കളും. അര്‍ജുന്‍ ധിര്‍, നിഷ (മിഖായേല്‍), വിലിഗാസ് സോഫിയ, സാമുവല്‍, മായാ, ഡൊമിനിക്ക്, നാദിയ നെയ്‌ച്ചേരില്‍. കുഞ്ഞുമക്കള്‍: ബ്രാന്‍ഡന്‍, ഈവ വിലെഗസ്.

ബുദ്ധിവൈഭവത്തിലും ആദര്‍ശനിഷ്ഠയിലും മുന്‍പന്തിയിലായിരുന്ന അദ്ദേഹം ദയാശീലനും വിനയാന്വിതനുമായിരുന്നു. ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റിയിലെ ഏറ്റവും ആദരണീയനായിരുന്ന അദ്ദേഹത്തോട് വിവിധ വിഷയങ്ങളില്‍ അനേകം പേര്‍ ഉപദേശം തേടിയിരുന്നു.

മറ്റുള്ളവരോട് ഏറ്റവും മാന്യമായി പെരുമാറുകയും അതു തന്റെ മക്കളേയും സഹോദരങ്ങളുടെ മക്കളേയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഏതൊരു തൊഴിലിനും അതിന്റേതായ മാഹാത്മ്യം ഉണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരു ഉറച്ച കത്തോലിക്കാ വിശ്വാസി ആയിരുന്നെങ്കിലും ഹിന്ദു മതത്തേക്കുറിച്ചും, ബുദ്ധമതത്തേക്കുറിച്ചും അദ്ദേഹത്തിന് അവഗാഹമായ അറിവുണ്ടായിരുന്നു.

ജൈവകൃഷിയിലും, ഫിഷിംഗിലും ഏറെ തല്പരനായിരുന്ന അദ്ദേഹം അമേരിക്കയിലെ ആനുകാലിക രാഷ്ട്രീയം സസൂക്ഷമം വീക്ഷിക്കുകയും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ സംഗീതവും, അവസാന നാളുകളില്‍ മലയാളം ടി.വി സീരിയലുകള്‍ കാണുന്നതും അദ്ദേഹത്തിന്റെ ഇഷ്ടവിനോദമായിരുന്നു.

ഏറെ സമാദരണീയനായിരുന്ന ശ്രീ ജോസഫ് നെയ്‌ച്ചേരിയുടെ വേര്‍പാട് ഒരു കുടുംബത്തിന്റെ മാത്രമല്ല, ഹൂസ്റ്റണ്‍ ക്‌നാനായ സമൂഹത്തിനു മുഴുവന്‍ ഒരു തീരാനഷ്ടമാണ്. ആ പാവനസ്മരണയ്ക്കു മുമ്പില്‍…

ആദരാഞ്ജലികള്‍…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments