Sunday, November 27, 2022

HomeNewsIndiaകോയമ്പത്തൂർ ക്ഷേത്രത്തിനു മുന്നിൽ സ്‌ഫോടനം; ദീപാവലി ആഘോഷത്തിനിടെ ചാവേറാക്രമണമെന്ന് സൂചന

കോയമ്പത്തൂർ ക്ഷേത്രത്തിനു മുന്നിൽ സ്‌ഫോടനം; ദീപാവലി ആഘോഷത്തിനിടെ ചാവേറാക്രമണമെന്ന് സൂചന

spot_img
spot_img

കോയമ്പത്തൂർ: ടൗൺഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാർ സ്‌ഫോടനത്തിൽ യുവാവ് മരിച്ച സംഭവം ചാവേറാക്രമണമെന്നു സൂചന. മരിച്ചയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ആണികളും മാർബിൾ ഭാഗങ്ങളും ലഭിച്ചു. കാർ പൂർണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (25) ആണു മരിച്ചത്. 2019ൽ ജമേഷിനെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്തുവെങ്കിലും അന്നു കേസ് എടുത്തിരുന്നില്ല. കാറിൽനിന്ന് എൽപിജി സിലിണ്ടറുകളും പൊലീസ് കണ്ടെത്തിയിരുന്നു.

ദീപാവലി ആഘോഷിക്കാൻ ജനങ്ങൾ ഒരുങ്ങുന്നതിനിടെ ഉക്കടത്തുണ്ടായ സ്‌ഫോടനം കോയമ്പത്തൂർ നഗരത്തെ ഭീതിയിലാഴ്ത്തി. വർഷങ്ങൾക്കുമുമ്പ് നടന്ന ബോംബ് സ്‌ഫോടനങ്ങൾക്കുശേഷം അതിസുരക്ഷാമേഖലയായാണ് നഗരത്തെ പരിഗണിക്കുന്നത്. അന്നുമുതൽ സ്‌പെഷ്യൽ കമാൻഡോകളുടെ സുരക്ഷ എല്ലായിടത്തും ഉണ്ട്.

അടുത്തിടെ പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിനെത്തുടർന്ന് നഗരത്തിൽ പലേടത്തും പെട്രോൾബോംബ് എറിഞ്ഞതോടെ വീണ്ടും സുരക്ഷ ശക്തമാക്കിയിരുന്നു. പൊലീസിനുപുറമേ പട്ടാളത്തിന്റെ ദ്രുതകർമസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. അന്ന് ഏറ്റവും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായത് കോയമ്പത്തൂർ ജില്ലയിലായിരുന്നു. ഇതോടെ നഗരം വീണ്ടും പോലീസ് വലയത്തിലായി. ഇതിനിടയിലാണ് വീണ്ടും സ്‌ഫോടനംനടന്നത്. ഉക്കടത്തിനുസമീപം കോട്ടമേട് ഭാഗത്ത് ഈശ്വരൻക്ഷേത്രത്തിനുമുന്നിൽ കാറിലുണ്ടായ സ്‌ഫോടനം പോലീസിനെ മുൾമുനയിൽ നിർത്തുന്നതാണ്. ഓടുന്നകാറിലുണ്ടായിരുന്ന ഒരു സിലിൻഡറാണ് പൊട്ടിത്തെറിച്ചത്. ഏറ്റവും തിരക്കേറിയ ജനവാസമേഖലയാണ് കോട്ടമേട്. വീതികുറഞ്ഞ റോഡുകളും ഇരുവശവും നിറയെ കടകളുമുള്ള തെരുവ്. സ്‌ഫോടനത്തിൽ കാർ രണ്ടായി പിളർന്ന് നിശ്ശേഷം തകർന്നു.

ഞായറാഴ്ച പുലർച്ചെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിൻഡറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ കാർ രണ്ടായി പിളരുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു.

രണ്ട് ഗ്യാസ് സിലിഡറുകളും തുറന്നിട്ടാണ് ജമീഷ മുബിൻ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ, സൾഫർ തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്‌ഫോടനത്തിൽ തകർന്ന കാറിൽ ഫൊറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ ആണികളും മാർബിൾ കഷണങ്ങളും കണ്ടെത്തി.

എൻജിനീയറിങ് ബിരുദധാരിയായ ജമീഷ മുബിനെ ഐ.എസ്. ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് 2019ൽ എൻ.ഐ.എ. ചോദ്യംചെയ്തത്. എന്നാൽ ഇയാൾക്കെതിരേ ഇതുവരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ദീപാവലി ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനം അതീവഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണത്തിനായി പോലീസിന്റെ ആറ് സംഘങ്ങളും രൂപവത്കരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് സുരക്ഷയും വർധിപ്പിച്ചു.

എ.ഡി.ജി.പി. താമരക്കണ്ണൻ സ്ഥലം പരിശോധിച്ച് നിർദേശങ്ങൾ നൽകി. പത്തരയോടെ ചെന്നൈയിൽനിന്ന് ഡി.ജി.പി. ഡോ. സി. ശൈലേന്ദ്ര ബാബു സ്ഥലത്തെത്തി. അതിനുമുമ്പായി ചെന്നൈയിൽനിന്ന് സ്‌ഫോടകവസ്തു വിദഗ്ധരും എത്തിയിരുന്നു.

കോയമ്പത്തൂർ ജങ്ഷൻ ഉൾപ്പെടെയുള്ള നഗരത്തിലെ റെയിൽവേ സ്‌റ്റേഷനുകളിൽ ആർ.പി.എഫ്. ഉദ്യോഗസ്ഥർ ഡോഗ് സ്‌ക്വാർഡും ബോംബ് സ്‌ക്വാഡുമായി പരിശോധന കർശനമാക്കി. മുഴുവൻ ലഗേജുകളും വാഹനങ്ങളും പരിശോധിച്ചശേഷമാണ് യാത്രതുടരാൻ അനുവദിച്ചത്. ഇതേ അവസ്ഥതന്നെയായിരുന്നു വിമാനത്താവളത്തിലും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments