ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുവാൻ ആഗ്രഹിക്കുന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദിയുമായി സത്യസന്ധമായി സംസാരിക്കണമെന്നാണ് ഒരു അറബിക് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞത്.
കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ക്ഷണിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും സമാധാനപരമായി ജീവിച്ച് പുരോഗതിയിലേക്ക് നീങ്ങുന്നതും പരസ്പ്പരം വഴക്കിട്ട് സമയം കളയുന്നതും ഭരണാധികാരികളുടെ കയ്യിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
‘‘പാകിസ്താൻ സമാധാനമാണ് ആഗ്രഹിക്കുന്നത്, എന്നാൽ കശ്മീരിൽ നടക്കുന്നത് അവസാനിപ്പിക്കണം. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ആണവശക്തികളാണ്. ഇനി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ ആരാണ് ജീവിച്ചിരിക്കുക?’, കശ്മീർ വിഷയം ഉയർത്തിക്കാട്ടിഷെഹ്ബാസ് പറഞ്ഞത് ഇങ്ങനെ.