ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഗോവയിലേയ്ക്ക് പുറപ്പെട്ടവിമാനം ബോംബ് ഭീഷണിയെതുടര്‍ന്ന് വഴിതിരിച്ച് വിട്ടു. ഗോവയിലെ ഡാബോളിം എയര്‍പോര്‍ട്ടില്‍ ഇന്ന് പുലര്‍ച്ചെ 4.15ന് എത്തേണ്ട വിമാനമാണ് വഴിതിരിച്ച് വിട്ടത്.
240 യാത്രക്കാരുമായി വരുന്ന ഈ വിമാനം ഉസ്ബെക്കിസ്ഥാനിലിറക്കി. ഡാബോളിം എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഇന്ന് രാവിലെ ബോംബ് ഭീഷണി സന്ദേശം എത്തിയത്. റഷ്യയില്‍നിന്ന് വരുന്ന അസൂര്‍ എയറിന്റെ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
വിമാനം പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പറക്കുമ്ബോഴാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് വിമാനം പാകിസ്ഥാനില്‍ ഇറക്കാതെ ഉസ്ബെക്കിസ്ഥാനില്‍ ഇറക്കുകയായിരുന്നു. അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളത്തിലാണ് വിമാനം ഇപ്പോള്‍ ഉള്ളത്. യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുകയാണ്. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് വ്യോമയാന മന്ത്രാലയം അറിയിക്കുന്നു.
റഷ്യയില്‍ നിന്ന് വിനോദ സഞ്ചാരികള്‍ ഗോവ സന്ദര്‍ശിക്കുന്ന സമയമായതിനാല്‍ തുടര്‍ച്ചയായി ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.