ബെയ്ജിങ്: ഭൂമിയുടെ ഉള്‍ക്കാമ്പായ ഇന്നര്‍ കോര്‍ ഇടയ്ക്കു കറക്കം നിര്‍ത്തിയെന്നും അതുവരെ കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്നു ശാസ്ത്രജ്ഞര്‍. ചൈനയിലെ പീക്കിങ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരായ യീ യാങ്, ഷിയാഡോങ് സോങ് എന്നിവരാണ് ഈ നിഗമനത്തിനു പിന്നില്‍. നേച്ചര്‍ ജിയോസയന്‍സ് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.
ഭൂമി മൂന്ന് അടുക്കുകളായാണ് സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തിലുള്ള ക്രസ്റ്റ്, മധ്യത്തിലെ മാന്റില്‍, ഉള്ളിലുള്ള ഉള്‍ക്കാമ്പ് അഥവാ കോര്‍. ഇരുമ്പ്, നികല് എന്നീ ലോഹങ്ങളാല്‍ നിര്‍മിതമാണ് കോര്‍. സ്വര്‍ണം, കൊബാള്‍ട്, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളും കോറില്‍ അടങ്ങിയിരിക്കുന്നു. ഖര, ദ്രാവക ഘടകങ്ങള്‍ ഇതിനുണ്ട്. ഘര ഭാഗം ഉള്ളിലും ദ്രാവക ഭാഗം പുറത്തും.
ഖരരൂപത്തിലുള്ള ഉള്‍ക്കാമ്പ് (ഇനര്‍ കോര്‍) വലിയ വേഗത്തില്‍ ദ്രാവകരൂപത്തിലുള്ള കോര്ഭാഗത്തിനുള്ളില് (ഔടര്‍ കോര്‍) കറങ്ങുന്നുണ്ടെന്ന് 1996 ല്‍ ശാസ്ത്രജ്ഞര്‍ മനസിലാക്കിയിരുന്നു. ഇപ്പോഴിതാ ഭൂമിയുടെ ഉള്‍ക്കാമ്പായ ഇനര്‍ കോര്‍ ഇടയ്ക്ക് കറക്കം നിര്‍ത്തിയെന്നും അതുവരെ കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
2009 ല്‍ ആണ് എതിര് ദിശയിലുള്ള കറക്കം തുടങ്ങിയത്. 35 വര്‍ഷത്തിലൊരിക്കല്‍ ഉള്‍ക്കാമ്പ് കറങ്ങുന്നതിന്റെ ദിശ മാറും. 80 കളില്‍ ആണ് ഇതിനു മുന്‍പ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇതുപോലൊരു പ്രതിഭാസം 2040 നു ശേഷമാകും.