ഗാസ: പശ്ചിമേഷ്യ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷഭൂമിയായി .
വെസ്റ്റ് ബാങ്കിലെ റെയ്ഡില്‍ ഒന്പതു പലസ്തീനികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേല്‍ക്കാരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച കിഴക്കന്‍ ജറുസലേമിലെ സിനഗോഗില്‍ പലസ്തീനി യുവാവ് നടത്തിയ വെടിവയ്പിലാണ് ഏഴ് ഇസ്രേലികള്‍ മരിച്ചത്. മൂന്നുപേര്‍ക്കു പരിക്കേറ്റു.
മണിക്കൂറുകള്‍ക്കകം ഇന്നലെ ജറുസലേമിലെ ഓള്‍ഡ് സിറ്റിക്കു സമീപം പതിമൂന്നു വയസുള്ള പലസ്തീന്‍ ബാലന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് ഇസ്രേലികള്‍ക്കുകൂടി പരിക്കേറ്റു. ഇരു സംഭവങ്ങളും ഭീകരാക്രമണമാണെന്ന് ഇസ്രേലി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം കിഴക്കന്‍ ജറുസലേമിലെ നവെ യാക്കോവ് മേഖലയിലുള്ള സിനഗോഗില്‍ സാബത്ത് ആരംഭപ്രാര്‍ഥയ്ക്കുശേഷം പുറത്തിറങ്ങിയവരാണ് വെടിവയ്പിനിരയായത്. കിഴക്കന്‍ ജറുസലേം സ്വദേശിയായ ഇരുപത്തൊന്നുകാരനാണ് കാറിലെത്തി ആക്രമണം നടത്തിയത്. ഇയാളെ പോലീസ് വെടിവച്ചുകൊന്നു.
അടുത്ത വര്‍ഷങ്ങളില്‍ ഇസ്രയേലിനു നേര്‍ക്കുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാസി ജര്‍മനിയില്‍ യഹൂദര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിന്‍റെ വാര്‍ഷികാനുസ്മരണദിനത്തിലാണ് സിനഗോഗ് ആക്രമണമുണ്ടായതെന്ന പ്രത്യേകതയുണ്ട്.
വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്ബിനു നേരെഇസ്രായേലിന്‍്റെ ആക്രമണത്തില്‍ 60 വയസുള്ള സ്ത്രീയടക്കം ഒമ്ബത് പേരാണ് മരണപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം ഇതിലും കൂടുതലാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്ത സംഘത്തെയാണ് വധിച്ചതെന്നാണ് ഇസ്രായേല്‍ അവകാശ വാദം. എന്നാല്‍ നിരപരധികളെയടക്കം വെടിവെച്ചുവെന്ന് പലസ്തീന്‍ സംഘടനകള്‍ വ്യക്തമാക്കി.
ജെറുസലേമിലെ ജൂത ആരാധനാലയം ആക്രമിച്ചാണ് പലസ്തീന്‍ തീവ്രവാദ സംഘടനകള്‍ പ്രതികരിച്ചത്.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ മുന്‍കാലങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നും വിജയിച്ചിട്ടില്ല.