ജനീവ: യുക്രെയ്‌നില്‍ സമഗ്രവും ശാശ്വതവുമായ സമാധാനം എത്രയും വേഗം കൈവരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി യു എന്‍ ജനറല്‍ അസംബ്ലയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ.
193 അംഗ ജനറല്‍ അസംബ്ലിയില്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 141 രാജ്യങ്ങളാണ്.
ഇന്ത്യ ഉള്‍പ്പടെ 32 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നപ്പോള്‍ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. യുക്രെയ്‌നില്‍ സമാധാനം കൈവരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.
അതിര്‍ത്തിക്കുള്ളില്‍ യുക്രെയ്‌നിന്റെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, പ്രാദേശിക സമഗ്രത എന്നിവ ഉറപ്പിക്കുന്നതാണ് പ്രമേയം. റഷ്യ ഉടനടി പൂര്‍ണ്ണമായും നിരുപാധികം സൈന്യത്തെ പിന്‍വലിക്കണം എന്നും പ്രമേയത്തില്‍ പറയുന്നു.
യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 നായിരുന്നു റഷ്യ – യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത്. ഇക്കാലയളവില്‍ ഇത് സംബന്ധിച്ച നിരവധി പ്രമേയങ്ങള്‍ ജനറല്‍ അസംബ്ലി, സെക്യൂരിറ്റി കൗണ്‍സില്‍, മനുഷ്യാവകാശ കൗണ്‍സില്‍ എന്നിവയില്‍ അവതരിപ്പിക്കപ്പെട്ടു.
നേരത്തേയും ഇതുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. അതേസമയം ഇരുരാജ്യങ്ങളും ശത്രുത ഉടനടി അവസാനിപ്പിച്ച് നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങിവരുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണം എന്നും ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യ സമാധാനത്തിന്റെയും നയതന്ത്രത്തിന്റെയും പക്ഷത്താണെന്ന് നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞിരുന്നു.
അതേസമയം റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മനസാക്ഷിയെ അപമാനിക്കുന്നതാണ് എന്നും ഇതില്‍ നിന്ന് ഉടന്‍ പിന്മാറണം എന്നും ജനറല്‍ അസംബ്ലിയുടെ അടിയന്തര പ്രത്യേക സെഷനില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.അധിനിവേശത്തിന്റെ ഒരു വര്‍ഷം എന്ന് പറയുന്നത് ഭീകരമായ നാഴികക്കല്ലാണ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു.