സിംഗപ്പൂര്‍: മാനസിക വൈകല്യമുള്ളയാളുടെ വധശിക്ഷക്കെതിരായ ദയാഹരജി സിംഗപ്പൂര്‍ സുപ്രീം കോടതി തള്ളി. സിംഗപ്പൂരിലേക്ക് ചെറിയ അളവില്‍ ഹെറോയിന്‍ കടത്തിയതിന് 2009-ലാണ് നാഗേന്ദ്രന്‍.കെ ധര്‍മ്മലിംഗം അറസ്റ്റിലായത്.
അടുത്ത വര്‍ഷം തന്നെ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. മയക്കുമരുന്നിനെതിരെ ലോകത്തിലെ ഏറ്റവും കഠിനമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമാണ് സിംഗപ്പൂര്‍.
മാനസിക വൈകല്യങ്ങളുള്ളയാള്‍ക്ക് ശിക്ഷവിധിച്ചത് കാരണം വിധിക്കെതിരെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. യൂറോപ്യന്‍ യൂണിയനും വധശിക്ഷയെ അപലപിച്ചിരുന്നു.
മാനസിക വൈകല്യമുള്ള ഒരാള്‍ക്കെതിരെ വധശിക്ഷ വിധിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം വസ്തുതാപരവും നിയമപരവുമായി നിലനില്‍ക്കില്ലെന്ന് പറഞ്ഞ സിംഗപ്പൂര്‍ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോന്‍ വാദത്തെ തള്ളികളഞ്ഞു. തൂക്കിലേറ്റുന്നത് വൈകിപ്പിക്കാന്‍ അഭിഭാഷകര്‍ മനപ്പൂര്‍വ്വം കോടതി നടപടികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോടതി ആരോപിച്ചു.
ഏകദേശം മൂന്ന് ടേബിള്‍സ്പൂണിന് തുല്യമായ 43 ഗ്രാം ഭാരമുള്ള ഹെറോയിന്‍ നാഗേന്ദ്രന്‍റെ കാലില്‍ കെട്ടിവെച്ച രീതിയില്‍ സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 21-ാം വയസ്സില്‍ അദ്ദേഹം പിടിക്കപ്പെടുന്നത്. മാനസിക വൈകല്യമുള്ളതിനാലാണ് കുറ്റകൃത്യം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്ന് അദ്ദേഹഹത്തിന്‍റെ അഭിഭാക്ഷകരും ബന്ധുക്കളും വാദിച്ചെങ്കിലും കോടതി ഇത് തള്ളി കളഞ്ഞു.
2019-ന് ശേഷം സിംഗപ്പൂരില്‍ വധശിക്ഷകളൊന്നും നടന്നിട്ടില്ല. വരും മാസങ്ങളില്‍ നിരവധി മയക്കുമരുന്ന് കടത്തുകാരെ തൂക്കിലേറ്റാന്‍ സിംഗപ്പൂര്‍ ഒരുങ്ങുന്നതായാണ് വിവരം