ലാഹോര്‍: കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്.
ലാഹോറിലുള്ള ഇമ്രാന്‍ വസതിയിക്കുമുന്നില്‍ അറസ്റ്റ് നടപടിക്കായി വന്‍പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. എന്നാല്‍, നടപടിയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിനു തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ) പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്.
ഇസ്‌ലാമാബാദ്, പഞ്ചാബ് പൊലീസ് സേനകള്‍ ചേര്‍ന്നാണ് ഇമ്രാന്‍ ഖാന്റെ വസതിയായ സമാന്‍ പാര്‍ക്കിലെത്തിയത്. എന്നാല്‍, വീട്ടിനകത്ത് പരിശോധന നടത്തിയിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് അറിയിച്ചത്. അതേസമയം, സ്വന്തം വസതിയായ സമാന്‍ പാര്‍ക്കില്‍ ഇരുന്ന് അദ്ദേഹം പി.ടി.ഐ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതായി പാക് മാധ്യമം ‘ഡൗണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രിയായിരിക്കെ വിദേശ പ്രതിനിധികളില്‍നിന്ന് നിയമവിരുദ്ധമായി സമ്മാനങ്ങള്‍ വാങ്ങിയ കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നത്. ഇസ്‌ലാമാബാദ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തൊഷാഖാന കേസ് എന്ന പേരില്‍ അറിയപ്പെടുന്ന സംഭവത്തില്‍ മൂന്നു തവണ സമന്‍സ് അയച്ചിട്ടും ഇമ്രാന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് ഫെബ്രുവരി 28ന് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
ആരോപണങ്ങള്‍ ഇമ്രാന്‍ നിഷേധിച്ചിട്ടുണ്ട്. അതിനിടെ, ഇമ്രാന് പിന്തുണയുമായി പി.ടി.ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്കു ചുറ്റും നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസും പി.ടി.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.