മാഡ്രിഡ്: വീടുകളിൽ പാചകം മുതല്‍ ക്ലീനിംഗ് വരെയുള്ള പണികളൊക്കെയും സ്ത്രീകൾ ഒറ്റക്കായിരിക്കും ചെയ്യുന്നത്.
പ്രതിഫലമില്ലാത്ത ഈ ജോലിയില്‍ ഒരു ദിവസം പോലും ലീവോ വിശ്രമമോ ലഭിക്കാറില്ല. വീട്ടുജോലിക്ക് പ്രതിഫലം വേണമെന്നുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും അതെവിടെയും എത്താറില്ല. എന്നാല്‍ സ്പെയിന്‍ സ്വദേശിയായ യുവതിക്ക് 25 വര്‍ഷം വീട്ടുപണി ചെയ്തതിന്‍റെ പ്രതിഫലം ലഭിച്ചു.
വിവാഹമോചന സമയത്താണ് ഇവാന മോറല്‍ എന്ന സ്ത്രീക്ക് അനുകൂലമായ കോടതി വിധിയുണ്ടായത്. ഇത്രയും വര്‍ഷവും പ്രതിഫലമില്ലാതെ വീട്ടിലെ ജോലികള്‍ ചെയ്തതിന് 1,80,000 പൗണ്ട്(1.75 കോടി രൂപ) നല്‍കണമെന്ന് മുന്‍ ഭര്‍ത്താവിനോട് തെക്കന്‍ സ്പെയിനിലെ വെലെസ്-മലാഗയിലെ കോടതി ഉത്തരവിട്ടു.ജഡ്ജി ലോറ റൂയിസ് അലാമിനോസിന്‍റെതാണ് ഉത്തരവ്. മിനിമം വേതനം അടിസ്ഥാനമാക്കിയാണ് പിഴ നിശ്ചയിച്ചത്.
രണ്ട് കുട്ടികളുടെ അമ്മയായ മോറല്‍ രണ്ട് പതിറ്റാണ്ടിലേറെയായി വീട്ടുജോലികള്‍ ചെയ്യുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. വീട്ടുജോലിക്ക് പുറമെ ഭര്‍ത്താവ് തന്‍റെ ഉടമസ്ഥതയിലുള്ള ജിമ്മുകളിലും ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മോറല്‍ കാഡെന സെര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഭര്‍ത്താവിനെയും വീടിനെയും നോക്കുക മാത്രമായിരുന്നു തന്‍റെ ജോലിയെന്നും വേറൊന്നും ചെയ്യാന്‍ സമയമുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.